യുണൈറ്റഡ് നേഷൻസ് (യുഎൻ) സെക്രട്ടേറിയറ്റിൽ ജോലി നേടാൻ യുവ പ്രൊഫഷണലുകൾക്ക് അവസരമൊരുക്കി യങ് പ്രൊഫഷണൽസ് പ്രോഗ്രാം (വൈപിപി) 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെവലപ്മെന്റ് ആൻഡ് സസ്റ്റെയ്നബിലിറ്റി പരീക്ഷയിലേക്കുള്ള അപേക്ഷകൾ യുഎന്നിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ ഇൻസ്‌പൈറ വഴി സമർപ്പിക്കാം. 2026 നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
യോഗ്യരായ ഉദ്യോഗാർഥികളെ യുഎൻ സെക്രട്ടേറിയറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നടത്തുന്ന മത്സരപരീക്ഷയാണിത്. പരീക്ഷയും തുടർന്നുള്ള തെരഞ്ഞെടുപ്പ് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവരെ മൂന്ന് വർഷത്തെ കാലാവധിയുള്ള റോസ്റ്ററിൽ ഉൾപ്പെടുത്തും. എന്നാൽ റോസ്റ്ററിൽ ഉൾപ്പെട്ടു എന്നതുകൊണ്ടുമാത്രം ജോലി ഉറപ്പാകില്ലെന്നും ഒഴിവുകൾക്കും സംഘടനാപരമായ ആവശ്യങ്ങൾക്കും അനുസൃതമായി മാത്രമേ നിയമനം നടക്കൂ എന്നും യുഎൻ വ്യക്തമാക്കിയിട്ടുണ്ട്.
യോഗ്യതകൾ
2026-ലെ പരീക്ഷയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 32 വയസോ അതിൽ താഴെയോ ആയിരിക്കണം അപേക്ഷകരുടെ പ്രായം. കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രോഗ്രാമിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പൂർണമായ പട്ടികയും വിശദമായ നിബന്ധനകളും ഔദ്യോഗിക യുഎൻ കരിയേഴ്‌സ് വെബ്സൈറ്റിൽ ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത
ഡെവലപ്മെന്റ് ആൻഡ് സസ്റ്റെയ്നബിലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പഠനമുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ്, സോഷ്യൽ അഫയേഴ്സ്, എൻവയൺമെന്റൽ പ്രൊട്ടക്ഷൻ, സുസ്ഥിര വികസനം എന്നിവയാണ് പ്രധാന വിഷയങ്ങൾ.
കൂടാതെ അഗ്രികൾച്ചർ, ഫോറസ്ട്രി ആൻഡ് ഫിഷറി, ബിസിനസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ, കംപ്യൂട്ടിങ്, ഹ്യുമാനിറ്റീസ്, നിയമം, കണക്ക് തുടങ്ങിയ അനുബന്ധ മേഖലകളിലെ ബിരുദധാരികളെയും പരിഗണിക്കും. തങ്ങളുടെ യോഗ്യതയുടെ പേര് ആപ്ലിക്കേഷൻ സിസ്റ്റത്തിൽ കൃത്യമായി ലഭ്യമല്ലെങ്കിൽ ഏറ്റവും അനുയോജ്യമായ വിഷയം തെരഞ്ഞെടുത്ത് കമന്റ് ബോക്‌സിൽ വ്യക്തമാക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
പ്രവൃത്തിപരിചയം നിർബന്ധമില്ല
ഈ റിക്രൂട്ട്മെന്റിന് മുൻപരിചയം നിർബന്ധമല്ല. എന്നാൽ ഒരു രാജ്യത്തുനിന്നുതന്നെ ഒരേ വിഷയത്തിലേക്ക് 90-ലധികം ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന സാഹചര്യത്തിൽ സ്‌ക്രീനിങ്ങിനായി തൊഴിൽപരിചയം അധിക യോഗ്യതയായി പരിഗണിച്ചേക്കാം.
യുഎന്നിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ്, യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ്, മറ്റ് റീജിയണൽ കമ്മീഷനുകൾ എന്നിവയിലാണ് പ്രധാനമായും ഒഴിവുകളുണ്ടാവുക. യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുൻപായി വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് യുഎൻ അറിയിച്ചു.