ബൗളിങ്ങിലും പിഴച്ചു; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം
ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത് ജോഫ്രാ ആര്‍ച്ചറാണ്. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 15.3 ഓവറില്‍ മറികടന്നു. ജേസണ്‍ റോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. റോയ് 49 റണ്‍സും ബട്ലര്‍ 28 റണ്‍സും നേടി. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ശ്രേയസ് അയ്യരുടെ (67) അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
മോശം തുടക്കം ഇന്ത്യക്ക് വിനയാവുകയായിരുന്നു. ഒരു റണ്ണെടുത്ത് കെ.എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്‍ലിയും നാല് റണ്‍സെടുത്ത് ശിഖര്‍ ധവാനും പുറത്തായി. ഒരു പോരാട്ടം നടത്താന്‍ ശ്രമിച്ചെങ്കിലും 21 റണ്ണെടുത്ത് റിഷഭ് പന്ത് പുറത്തായി. പിന്നീട് ഹാര്‍ദ്ദികിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്നിങ്സ് പടുത്തുയര്‍ത്തി. 19 റണ്ണെടുത്ത് ഹാര്‍ദ്ദികും പുറത്തായി. പിന്നീട് വന്നവര്‍ക്ക് കൂടുതല്‍ ഒന്നുംതന്നെ ചെയ്യാനായില്ല.
ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത് ജോഫ്രാ ആര്‍ച്ചറാണ്. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ്, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.