അരികുവൽക്കരിച്ച മൂന്നുതരം അസ്തിത്വങ്ങളുടെ സംഘർഷമാണ് ‘ഉടലാഴം’

ഉടലാഴത്തിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണൻ ആവള സംസാരിക്കുന്നു

Update: 2018-12-20 10:18 GMT
കെ. അമൽ നഹ്‌ല : കെ. അമൽ നഹ്‌ല

നിലമ്പൂരിലെ  രാജുവെന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട യാത്രയാണ് ഉണ്ണികൃഷ്ണൻ ആവള എന്ന സ്കൂൾ അധ്യാപകനെ ഉടലാഴത്തിന്റെ സംവിധായകനാക്കി മാറ്റുന്നത്. സമൂഹത്താൽ  മൂന്നാം ലിംഗമെന്ന് മുദ്രകുത്തപ്പെട്ട്, മരിച്ചു ജീവിക്കുന്ന ഗുളികന്റെയും, ശരീരമെന്ന അനുഭവത്തിന്റെ തടവിൽ കിടക്കുന്ന പലതരം ജീവിതങ്ങളുടെയും കഥ പറയുന്ന സിനിമയാണ് "ഉടലാഴം". മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് നിറം മങ്ങിയ ജിവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകൾ പതിപ്പിച്ചു പകർത്തിയെടുത്ത ഉടലാഴം എന്ന സിനിമ 23 -മത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമാവുകയുണ്ടായി. വാണിജ്യവൽക്കരിക്കപ്പെട്ട, സിനിമാകുത്തകകളെ വെല്ലുവിളിച്ചു കൊണ്ട് ഓരങ്ങളിലെ ജീവിതങ്ങളുടെ  കഥ പറയുന്നതിലൂടെയാണ് ഉണ്ണികൃഷ്ണൻ ആവളയെന്ന പുതുമുഖ സംവിധായകനെ ലോകം നെഞ്ചോട് ചേർത്ത് വെക്കുന്നത്. പ്രേക്ഷകഹൃദയം കീഴടക്കിയ, ഉടലാഴത്തിന്റെ സംവിധായകൻ  ഉണ്ണികൃഷ്ണൻ ആവളയോടൊപ്പം

Advertising
Advertising

ഉടലാഴമെന്ന സിനിമ സംവിധാനം ചെയ്യുന്നതിന് മുൻപ് ഇതേ പ്രമേയം പറയുന്ന 'വിപരീത'മെന്ന പുസ്തകത്തിന്റെ രചയിതാവായിരുന്നല്ലോ? എന്താണ് വിപരീതവും ഉടലാഴവും തമ്മിലുള്ള വ്യത്യാസം?

പൂർണ്ണമായും എന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ ചെയ്ത സിനിമയാണ് ഉടലാഴം. എന്നാൽ ഞാൻ കാണുന്ന രാജു ആരായിരുന്നു, എങ്ങനെയായിരുന്നു സമൂഹത്തിൽ പെരുമാറിയിരുന്നത് എന്ന കഥയാണ് വിപരീതം പറയുന്നത്. വിപരീതത്തിൽ ഒരിക്കലും  എന്റേതായ കൂട്ടിച്ചേർക്കലുകളൊന്നും  ഉണ്ടായിരുന്നില്ല. അതൊരു മനുഷ്യന്റെ ജീവിതമാണ്. ഡോക്യൂമെന്ററിയും ഇത് പോലെ തന്നെയാണ്. ഇതിനെയൊക്കെ മറികടന്ന് ഞാൻ മനസ്സിലാക്കിയെടുത്ത ഒരു വിഷയത്തെ അവതരിപ്പിക്കുകയാണ് ഉടലാഴത്തിലൂടെ  ചെയ്തത്.

ആദ്യത്തെ ഫീച്ചർ സിനിമ സംവിധാനം ചെയ്യുമ്പോൾ ആദിവാസി പശ്ചാത്തലം തെരഞ്ഞെടുത്തു. എന്തുകൊണ്ട് ഇങ്ങനെ ഒരു പശ്ചാത്തലം?

നിലമ്പൂരിൽ നിന്നും പൂക്കോട്ടുംപാടത്തേക്കുള്ള യാത്രയിലാണ് ഞാൻ "അറനാടൻ"മാരെ കാണുന്നത്. അവരുടെ പ്രത്യേകതകൾ  ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ തന്നെ അതിനു  പുറകെ പോവുക എന്ന "വട്ട്" മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. ഇത്തരം യാത്രകളിലാവും  പല ഞെട്ടിക്കുന്ന കാര്യങ്ങളും നമ്മൾ തിരിച്ചറിയുന്നത്. ആ തിരിച്ചറിവിനെ ഉടലാഴത്തിലൂടെ ദൃശ്യാവിഷ്ക്കരിക്കാൻ ശ്രമിക്കുകയായിരുന്നു.

താങ്കൾ മുൻപ് ചെയ്ത "The Last Page" എന്ന ഡോക്യുമെന്ററിയിലൂടെയും വംശമറ്റുപോകുന്ന ആദിവാസി ജീവിതങ്ങൾ തന്നെയല്ലേ പകർത്തിയെടുത്തത്?

ചോലനായ്ക്കർ, ആളർ, അറനാടർ എന്ന മൂന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത യാത്രാകഥകളുടെ അന്വേഷണമാണ് "The Last Page". ഉടലാഴത്തിൽ നിന്നും വ്യത്യസ്തമായ കഥ തന്നെയാണത്.

"ഉടലാഴം"  ചെയ്യണം എന്ന ആഗ്രഹത്തോടു കൂടി തന്നെയായിരുന്നോ "വിപരീതം" എഴുതുന്നത് ?

വിപരീതം എഴുതിയിട്ട് 6 വർഷത്തോളം ആയി. ആ സമയത്ത്  ക്യാമറ പോലും ഉപയോഗിക്കാൻ അറിയാത്ത ആളായിരുന്നു ഞാൻ. ഇതൊക്കെ സംഭവിക്കുന്നതാണ്. രാജുവിന്റെ സ്റ്റോറി ഞാൻ ആദ്യം ചെയ്യുന്നത് മാധ്യമം ആഴ്ചപ്പതിപ്പിലാണ്. തികച്ചും രാജുവിന്റെ ജീവിതമാണ് വിപരീതത്തിൽ പറഞ്ഞിരിക്കുന്നത്. ഉടലാഴത്തിൽ രാജുവിന്റെ ജീവിത പശ്ചാത്തലം  ഉപയോഗിച്ചു എന്ന് മാത്രമേ ഉള്ളൂ.

സിനിമയിൽ പ്രതീകാത്മകമായി  പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അട്ട, മീൻ ഇങ്ങനെ ചെറിയ ജീവികളിലൂടെയാണ് ഇതൊക്കെ പ്രതിഫലിച്ചിട്ടുള്ളത്. ഈ രൂപകങ്ങളുടെ പ്രാധാന്യം എന്താണ്?

കവിത വായിക്കാനും എഴുതാനും ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. സിനിമയിലൂടെ കവിത എങ്ങനെ പറയും എന്ന  ആശയം ആണ് ഇവിടെ പറയാൻ ശ്രമിച്ചത്. ഒരുകാര്യം നൂറു പ്രാവശ്യം പറയുന്നതിനേക്കാളും ആ ഒരു മീനിനെ മറ്റു മീനുകൾ കൊത്തിവലിക്കുമ്പോൾ പ്രേക്ഷകരിൽ ഉണർത്തുന്ന ചിന്ത, അത് വേറെ തന്നെയായിരിക്കുമല്ലോ. സത്യത്തിൽ ഇങ്ങനെ സിനിമ ചെയ്യാനാണ് ആഗ്രഹം.

Full View

അനാവശ്യമായ കഥാപാത്രങ്ങളുടെ ഇടപെടൽ സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. നായക കഥാപാത്രമായി മണിയെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

⚪ഒറ്റപ്പെടലിന്റെ കഥകൾ പറയുന്ന, തിളക്കമുള്ള കണ്ണുകളുള്ള നായക കഥാപാത്രത്തെ തിരഞ്ഞെടുക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.പിന്നീട് ആകസ്മികമായിട്ടാണ്  'മാധ്യമ'ത്തിൽ  മണിയുമായുള്ള  ഇന്റർവ്യൂ കാണുന്നത്. അങ്ങനെ മണിയെ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു.

നമ്മുടെ സമൂഹം കൂടുതലായി ചർച്ച ചെയ്യേണ്ടതായുള്ള രണ്ടു വിഭാഗമാണ് ആദിവാസികളും ട്രാൻസ്‍ജെൻഡറുകളും. ഇരുവിഭാഗത്തിന്റെയും കഥ ഒരുമിച്ചു പറഞ്ഞ ചിത്രമാണ് ഉടലാഴം. വിഷയം ഇതായത് കൊണ്ട് തന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ?

ആദിവാസികളും ട്രാൻസ്ജൻഡറുകളും നമ്മുടെ പരിഗണനകളിൽ കുറേക്കൂടി കടന്നു വരേണ്ടതുണ്ട്. എന്നാൽ മൂന്നാമാതൊരു വിഭാഗം കൂടിയുണ്ട്,  അവർ നിറത്തിന്റെ പേരിൽ  അരികുവൽക്കരിക്കപ്പെടുന്നവരാണ്. ഈ സിനിമയിൽ ഇതെല്ലാം ഗുളികൻ ഒരുമിച്ചു  തന്നെ അനുഭവിക്കേണ്ടി വരുന്നു. ഉടലാഴം മൂന്നു തരം അസ്തിത്വങ്ങളുടെ സംഘർഷമാണ്. മൂന്നും നമ്മൾ അരികുവൽക്കരിച്ചവർ ആണ്. ഇങ്ങനെ ആയിട്ട് പോലും ഫിലിംമേക്കർ എന്ന നിലക്ക് പ്രത്യേകമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

ആദിവാസി സമൂഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ പോവുമ്പോൾ അവരോടൊത്തുള്ള ആശയവിനിമയം എളുപ്പമായിരുന്നോ?

വർഷങ്ങളായി അവരോടുള്ള അടുപ്പം തന്നെയാണ് സിനിമ മുഴുവനായും ചിത്രീകരിക്കാൻ ഞങ്ങളെ സഹായിച്ചത്. കൂടാതെ സിനിമ ചിത്രീകരിക്കാൻ പോവുമ്പോൾ തന്നെ ഞങ്ങൾ വളരെ ചെറിയ ക്രൂ ആയിട്ടായിരുന്നു  പോയിരുന്നത്. ആൾക്കൂട്ടത്തിനു മുൻപിൽ അവർ ഉൾവലിയാൻ സാധ്യതയുണ്ട് എന്ന കാര്യം മുൻകൂട്ടി കണ്ടതുകൊണ്ട് തന്നെയാണ് ഈ കാര്യം തീരുമാനിച്ചത്.

ചലച്ചിത്ര മേളയിൽ വലിയ സ്വീകാര്യത കിട്ടിക്കഴിഞ്ഞല്ലോ. ഉടലാഴത്തിന്റെ ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?

അറിഞ്ഞുകൂടാ... സ്കൂളിൽ നിന്ന് നാല് വർഷം ലീവ് എടുത്തിട്ടാണ് ഈ പടം ചെയ്യുന്നത്. വിഷയത്തോടും സിനിമയോടും ആത്മാർത്ഥമായേ സമീപിച്ചിട്ടുള്ളൂ.

Tags:    

കെ. അമൽ നഹ്‌ല - കെ. അമൽ നഹ്‌ല

contributor

മീഡിയവണ്‍ അക്കാദമിയില്‍ വിദ്യാര്‍ഥിയാണ്

Similar News