എം.ജി റോഡിനെ സ്തംഭിപ്പിച്ച റോഷാക്, നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോട്; വൈറലായി ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്

Update: 2022-10-11 02:58 GMT

മമ്മൂട്ടിയുടെ റോഷാക്ക് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല തിയറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 9.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു.

Advertising
Advertising

വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തിയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിന്‍റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിന്‍റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്.

മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്.

ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News