ചരിത്രം സൃഷ്ടിച്ച് ആർ.ആർ.ആർ; അഭിനന്ദനവുമായി ബോളിവുഡ് താരങ്ങൾ

നേരത്തെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 'നാട്ടു നാട്ടു' നേടിയിരുന്നു

Update: 2023-01-25 04:44 GMT

ആർ.ആർ.ആർ 

മുംബൈ: 95-ാമത് ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ രാജമൗലി ചിത്രം ആർആർആറിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങൾ. ആർആർആറിലെ നാട്ടു നാട്ടു പാട്ടിനാണ് ഒർജിനൽ സോങ്ങിൽ ഓസ്‌കാർ നാമനിർദേശം ലഭിച്ചത്. നടൻ അർജുൻ കപൂർ , ചലച്ചിത്ര നിർമ്മാതാവ് ഫർഹാൻ അക്തർ , തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, ഗായകൻ രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണ് ചിത്രത്തിന് അഭിനന്ദവുമായി എത്തിയത്.

"അവരുടെ നൃത്തവിപ്ലവം ലോകമെമ്പാടും തീപോലെ പടർന്നുകൊണ്ടേയിരിക്കുന്നു. ഇതിലും വലുതായി ഇനിയൊന്നും നേടാനില്ല" എന്നാണ് അർജുൻ കപൂർ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Advertising
Advertising

'നാട്ടു നാട്ടു' മികച്ച ഒറിജിനൽ സോങ്ങിൽ ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ടതിൽ ആവേശഭരിതനാണെന്നാണ് ഫർഹാൻ അക്തർ കുറിച്ചത്.


"സിനിമാറ്റിക് ഗ്ലോറിയുടെ നെറുകയിൽ നിന്ന് ഒരു ചുവട് !!! മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കാർ നാമനിർദ്ദേശത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ' എന്നാണ് തെന്നിന്ത്യൻ താരം ചിരഞ്ജീവി ട്വീറ്റ് ചെയ്‍തത്.

'നാട്ടു നാട്ടു' ഗായകരിൽ ഒരാളായ രാഹുൽ സിപ്ലിഗഞ്ച് ട്വീറ്റ് ചെയ്തത്, 'നാട്ടു നാട്ടു' ഗാനം ഓസ്‌കാറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു, ടീമിന് അഭിനന്ദനങ്ങൾ എന്നാണ്.

'ആർആർആർ' കൂടാതെ, 'ഓൾ ദാറ്റ് ബ്രീത്ത്' എന്ന ഇന്ത്യൻ ഡോക്യുമെന്ററിയും 'ദ എലിഫന്റ് വിസ്‌പറേഴ്‌സ്' എന്ന ഹ്രസ്വ ഡോക്യുമെന്ററിയും 'ഡോക്യുമെന്ററി ഫീച്ചർ ഫിലിം', 'ഡോക്യുമെന്ററി ഷോർട്ട് ഫിലിം' വിഭാഗങ്ങളിൽ ഓസ്‌കാർ 2023 നോമിനേഷനുകൾ നേടി.

നേരത്തെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നാട്ടു നാട്ടു നേടിയിരുന്നു. ഇതേ വിഭാഗത്തിൽ ക്രിട്ടിക്സ് ചോയ്സ് അവാർഡും ഈ ഗാനത്തിന് ലഭിച്ചു. ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിൽ 'മികച്ച വിദേശ ഭാഷാ ചിത്രം' എന്ന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

ആഗോളതലത്തിൽ ₹ 1,200 കോടിയിലധികം നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്. ഓസ്കര്‍ പുരസ്കാരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും ആര്‍.ആര്‍.ആര്‍ ഇടംപിടിച്ചിട്ടുണ്ട്.

ജെറോഡ് കാർമൈക്കലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരച്ചടങ്ങിന്‍റെ അവതാരകന്‍.വംശീയവും ലിംഗവിവേചനപരവുമായ വോട്ടിംഗ് രീതികളെ വിമർശിച്ചതിനെത്തുടർന്ന് ആഭ്യന്തര പരിഷ്കാരങ്ങൾ നടത്തിയതിന് ശേഷമാണ് അവാർഡുകൾ ഹോളിവുഡ് മുഖ്യധാരയിലേക്ക് മടങ്ങുന്നത്.





Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News