ചേര തിയറ്ററുകളിലേക്ക്, റിലീസ് കോടതി റിസീവറിലൂടെ
റോഷൻ മാത്യുവും നിമിഷ സജയനുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി നിയോഗിച്ച റിസീവറുടെ ഇടപെടലിലൂടെ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്‌പെൻസ് ത്രില്ലറായ 'ചേര'യാണ് റിലീസിന് ഒരുങ്ങുന്നത്. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ നിർമാതാവ് എം.സി അരുണും എൻഎൻജി ഫിലിംസിന്റെ ബാനറിൽ കോ- പ്രൊഡൂസർ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേർന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.
അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണൽ കോമേഴ്‌സ്യൽ കോടതി ചേര സിനിമയുടെ റിസീവർ ആയി നിയമിച്ചത്. പരാതിക്കാരായ എൻഎൻജി ഫിലിംസിന്റെ നിരൂപ് ഗുപ്തയ്ക്കായി കോടതിയിൽ ഹാജരായത് അഡ്വ. റെയിൻ കെ രവിയും അഡ്വ. ജീമോൻ പി എബ്രഹാമും ആയിരുന്നു. ചേരയുടെ സംവിധാനം-ലിജിൻ ജോസ്, ഛായാഗ്രഹണം-അലക്‌സ് ജെ പുളിക്കൽ, പിആർഒ-അജയ് തുണ്ടത്തിൽ