മുംബൈ: പ്രണയം, കലാപം, വേര്‍പിരിയൽ, അതിജീവനം എല്ലാം നിറഞ്ഞ ഒരു ബോളിവുഡ് ചിത്രം പോലെയായിരുന്നു ആശ ഭോസ്‍ലെയുടെ ജീവിതം. ഗായക കുടുംബത്തിൽ ജനിച്ച ആശയുടെ ജീവിതം ഒരിക്കലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനം പോലെയായിരുന്നില്ല. വളരെ ചെറുപ്പത്തിലെയുള്ള വിവാഹം അവര്‍ക്ക് ദുരിതം മാത്രമായിരുന്നു സമ്മാനിച്ചത്.
സഹോദരി ലതാ മങ്കേഷ്‌കറുടെ സെക്രട്ടറി ഗണപത്‌റാവു ഭോസ്‌ലെയെ ആശാ ഭോസ്‌ലെ വിവാഹം കഴിച്ചത് കുടുംബത്തെ മാത്രമല്ല ഇന്ത്യൻ സംഗീതലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. കേവലം 16 വയസുള്ളപ്പോഴായിരുന്നു ആശയുടെ വിവാഹം. 1949-ലാണ് ആശാ ഭോസ്‌ലെ ഗണപത്‌റാവുവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. അന്ന് ഗണപത്‌റാവുവിന് 31 വയസായിരുന്നു പ്രായം.കുടുംബത്തിലെ മൂത്ത മകളായ ലത മങ്കേഷ്കര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. തന്‍റെ പേഴ്സണൽ സെക്രട്ടറിയുമായുള്ള അനിയത്തിയുടെ പ്രണയവും പ്രായവ്യത്യാസവും ലതയ്ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.
വിവാഹത്തോടെ മങ്കേഷ്‌കർ കുടുംബം ആശയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. വർഷങ്ങളോളം സഹോദരിമാർ തമ്മിൽ സംസാരിച്ചിരുന്നില്ല.ഒരു ചെറിയ പെൺകുട്ടി വിവാഹജീവിതത്തിലേക്ക് കടന്നാൽ ഉണ്ടാകുമായിരുന്ന എല്ലാ പ്രതിസന്ധികളിലൂടെയാണ് ആശ കടന്നുപോയത്. മുംബൈയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസം.കുടുംബം പുലർത്താനായി കിട്ടുന്ന ഏത് പാട്ടും പാടാൻ ആശ തയ്യാറായി. ലതയെപ്പോലുള്ള മുൻനിര ഗായകർ വേണ്ടെന്ന് വെക്കുന്ന 'കാബറെ' പാട്ടുകളും മറ്റും ആശയ്ക്ക് പാടേണ്ടി വന്നു.
എന്നാൽ ഈ പ്രതിസന്ധികളാണ് ആശയെ ഒരു 'വേഴ്സറ്റൈൽ' ഗായികയാക്കി മാറ്റിയത്. വെല്ലുവിളി നിറഞ്ഞ പാട്ടുകൾ പാടി അവർ സ്വന്തമായി ഒരിടം കണ്ടെത്തി.ഗണപത് റാവുമായുള്ള ദാമ്പത്യം വെറും 11 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1960-ൽ ഗണപത്‌റാവു ആശയെ വീട്ടിൽ നിന്ന് പുറത്താക്കി. ഈ സമയത്ത് ആശ മൂന്നാമതും ഗര്‍ഭിണിയായിരുന്നു.രണ്ട് മക്കളുമായി ആശ സ്വന്തം അമ്മയുടെ അടുത്തേക്ക് മടങ്ങുകയും പിന്നീട് കുടുംബവുമായി രമ്യതയിലാവുകയുമായിരുന്നു. വര്‍ഷങ്ങളായി പിണങ്ങിനിന്ന സഹോദരിമാര്‍ വീണ്ടും ഒന്നിക്കുകയും ചെയ്തു.
പ്രശസ്ത സംഗീത സംവിധായകൻ ആര്‍.ഡി ബര്‍മനുമായിട്ടുള്ള പ്രണയം ആശയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. സംഗീതത്തിലൂടെയാണ് അവരുടെ ബന്ധം വളർന്നത്, അവരെ ആഴത്തിൽ ബന്ധിപ്പിച്ചത് ആ ബന്ധമായിരുന്നു. എന്നാൽ ഈ ബന്ധത്തിനും അതിന്‍റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു. ബര്‍മൻ വിവാഹിതനായിരുന്നുവെന്നതായിരുന്ന തടസമായിരുന്നത്. എതിര്‍പ്പുകളെ അതിജീവിച്ച് അവര്‍ 1980ൽ വിവാഹിതരായി. രസകരമെന്നു പറയട്ടെ, ആശ അദ്ദേഹത്തെക്കാൾ ആറ് വയസ് കൂടുതലായിരുന്നു, അക്കാലത്ത് അത് വലിയ ചര്‍ച്ചയായിരുന്നു.
പിന്നീട് ഈ ബന്ധവും വേർപിരിയലിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോയെങ്കിലും, ആശയും ആർഡി ബർമനും വൈകാരികമായ അടുപ്പം നിലനിർത്തി. 1994ലായിരുന്നു ആര്‍.ഡി ബര്‍മൻ മരിക്കുന്നത്. ബോളിവുഡ് സംഗീതത്തിലെ നിത്യവസന്തമായിരുന്നു ആശ. ഏത് കാലഘട്ടത്തിലെ പാട്ടുകളും ഒരുപോലെ മനോഹരമായി പാടാനുള്ള കഴിവാണ് ആശയെ സമകാലീനരിൽ നിന്നും വ്യത്യസ്തമാക്കിയത്. ശാസ്ത്രീയ സംഗീതം മുതൽ പോപ്പ്, ജാസ്, കാബറെ, ഭജൻ വരെ ഒരുപോലെ വഴങ്ങുന്ന ചുരുക്കം ഗായകരിലൊരാളായിരുന്നു ആശ. വാസ്തവത്തിൽ, ലതാ മങ്കേഷ്‌കർ എന്ന വലിയ വൃക്ഷത്തിന്റെ തണലിൽ ഒതുങ്ങിപ്പോകാതെ, സ്വന്തമായൊരു സാമ്രാജ്യം പടുത്തുയർത്താൻ ആശക്ക് സാധിച്ചു.