മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. ഈ 74-ാം വയസിലും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സമകാലീനരായ നടൻമാര്‍ക്കും യുവതാരങ്ങൾക്കും മുന്നിൽ ഒരു വലിയ വടവൃക്ഷമായി അദ്ദേഹം പടര്‍ന്നുപന്തലിച്ചു നിൽക്കുകയാണ്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം, അഞ്ച് തവണ കേരള സര്‍ക്കാരിന്‍റെ അവാര്‍ഡ്, 12 ഫിലിംഫെയര്‍ പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ...മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ആര്‍ത്തിയാണ് അഭിനയത്തോടെന്നാണ് അദ്ദേഹം പറയാറുള്ളത്. ഇപ്പോൾ അദ്ദേഹം ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും അഭിനയത്തോടുള്ള പ്രണയം തുടരുന്നത് എങ്ങനെ? ഇപ്പോഴും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾക്ക് പിന്നാലെ പോവുന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മമ്മൂട്ടി. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം നയിക്കാൻ ഇനി കൂടുതൽ പണം ആവശ്യമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി.
"90 അല്ലെങ്കിൽ 100 വയസ്സുള്ളപ്പോഴും ഈ രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം സമ്പാദിക്കുന്നത്? അത് അദ്ദേഹത്തിനുവേണ്ടിയല്ല... അദ്ദേഹം സമ്പാദിക്കുന്ന മുഴുവൻ പണവും ഉപയോഗിക്കാൻ പോകുന്നില്ല. അവർക്ക് ലഭിക്കുന്ന സന്തോഷത്തിനുവേണ്ടിയാണ് അത്. ഞാൻ ഇവിടെ എന്നെ അംബാനിയുമായി താരതമ്യം ചെയ്യുന്നില്ല. ഞാൻ പറയുന്നത്, അത് മനുഷ്യനാണ്. നിങ്ങൾക്ക് എന്തുണ്ടെങ്കിലും, നിങ്ങൾക്ക് കൂടുതൽ ആവശ്യമായി വരും. അതൊരു അത്യാഗ്രഹമാണ് " മെഗാതാരം പറയുന്നു.
പ്രശസ്ത തമിഴ് നടനും രാഷ്ട്രീയക്കാരനുമായ എം.ആർ. രാധ, ശാരീരികമായി വളരെ ദുർബലനായിരിക്കുകയും നടക്കാൻ കുറഞ്ഞത് രണ്ട് പേരുടെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോൾ പോലും, ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ ഉടൻ തന്നെ ഒരു പവർഹൗസ് പെർഫോമറായി മാറുമെന്ന് കേട്ടത് അദ്ദേഹം ഓർമ്മിച്ചു. "ശാരീരികമായി വളരെ ദുർബലനായിരിക്കുമ്പോൾ പോലും, ആളുകൾ അദ്ദേഹത്തെ വ്യത്യസ്ത വേഷങ്ങളിൽ അവതരിപ്പിച്ചു. അദ്ദേഹം സെറ്റിൽ എവിടെയെങ്കിലും ഇരിക്കുമായിരുന്നു, സംവിധായകൻ അദ്ദേഹത്തെ ഷോട്ടിന് വിളിക്കുമ്പോൾ, രണ്ടുപേർ അദ്ദേഹത്തെ കൊണ്ടുവരുമായിരുന്നു. സംവിധായകൻ 'സ്റ്റാർട്ട്, ക്യാമറ' എന്ന് പറയുന്നതുവരെ അവർ അദ്ദേഹത്തെ മുറുകെ പിടിക്കുമായിരുന്നു. 'ആക്ഷൻ' കേട്ടയുടനെ സഹായികൾ ഉടൻ പോകും, രാധ പൂർണ ശക്തിയോടെ അഭിനയിക്കും. അങ്ങനെയുള്ള അഭിനേതാക്കൾ ഉണ്ടായിരുന്നു." മമ്മൂട്ടി പറയുന്നു.