'ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല'; വേടന് പുരസ്‌കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്ന് ദീദി ദാമോദരന്‍

ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

Update: 2025-11-05 05:03 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നല്‍കിയതില്‍ അതൃപ്തിയുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍.  വേടന് പുരസ്‌കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി കുറിച്ചു. വേടന് പുരസ്‌കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്ന് ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു.

Advertising
Advertising

ദീദി ദാമോദരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

"വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം . കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്. 

പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തിയെന്നും  വേടനെ പോലും സ്വീകരിച്ചെന്നുമുള്ള മന്ത്രി   സജി ചെറിയാ്ന‍റെ പരാമര്‍ശം വിവാദമായിരുന്നു.  'മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.' എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. 'വേടനെ പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.

'മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലെ കുതന്ത്രം എന്ന ഗാനത്തിനാണ് ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News