'രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് കരുതിയത്, വ്യക്തി വൈരാഗ്യവും പകയും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം'; വിനയൻ

ചലച്ചിത്ര അവാർഡ് വിതരണത്തിൽ താൻ മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ മറുപടി കിട്ടിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്

Update: 2023-08-28 05:13 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:  സംസ്ഥാന ചലചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ. രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയതെന്നും സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങൾ നടത്തി നിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ രക്ഷപ്പെടാനുള്ള ശ്രമം മറുപക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തി വൈരാഗ്യവും പകയും ഒന്നും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്നും വിനയൻ പറഞ്ഞു.

ചലച്ചിത്ര അവാർഡ് വിതരണത്തിൽ താൻ മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ മറുപടി കിട്ടിയില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കൻ എന്നെ വിളിച്ചിരുന്നു.പക്ഷേ ഇതേവരെ മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

പ്രിയമുള്ള എൻെറ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

വളരെ അത്യാവശ്യമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്കേണ്ടതുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇപ്പോളീ കുറിപ്പെഴുതുന്നത്...ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഇത്തവണത്തെ സിനിമാ അവാർഡു നിർണ്ണയത്തിൽ തൻെറ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇടപെട്ടു എന്ന ജൂറി മെമ്പർമാരുടെ തന്നെ വെളിപ്പെടുത്തലുകൾക്കു ശേഷം അതിനെ ക്കുറിച്ച് വലിയ ചർച്ച നമ്മുടെ നാട്ടിൽ നടന്നുവല്ലോ? ധാർമ്മികതയുടെ പേരിലാണങ്കിലും നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു എന്ന് പകലു പൊലെ വ്യക്തമായ സാഹചര്യത്തിൽ ചെയർമാൻസ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത് .. അല്ലാതെ കോടതിയിൽ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാർഡ്കൾ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല.. ഒരു നിലപാടെടുത്താൽ യാതൊരു കാരണവശാലും ഞാനതിൽ നിന്നു മാറുകയില്ല എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്കറിയാം.. ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെൻെറ നിലപാടായിരുന്നു... അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്.പക്ഷേ സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങൾ നടത്തി നിയമത്തിൻെറ കണ്ണിൽ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക.ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.. ഇന്നു സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ അവിടെ തടസ്സ ഹർജി കൊടുത്തു എന്നു കൂടി വാർത്തവന്നാൽ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കിൽ അതിൽ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എൻെറ ആവശ്യമാണ്..

ഞാൻ കൊടുത്ത പരാതിയിൽ ബഹു:സാംസ്കാരിക മന്ത്രിയിൽ നിന്നും ഒരു മറുപടിയും എനിക്കിതേവരെ കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിൻെറ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കൻ എന്നെ വിളിച്ചിരുന്നു.. രഞ്ജിത്തിൻെറ കുറ്റകരമായ ഇടപെടലിനെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജ് മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു എന്നാണ് പുഷ്പരാജ് വെളുപ്പെടുത്തിയത്.. ശ്രീ മനു അതു നിഷേധിച്ചില്ല എന്നത് അദ്ദേഹത്തിൻെറ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണ്..ശ്രി മനുവിനെ ഞാനതിൽ അഭിനന്ദിക്കുന്നു.പക്ഷേ ഇതേവരെ മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.. ഞാൻ ഏറെ സ്നേഹാദരവോടെ കാണുന്ന കേരള ഫിലിം ഡവലപ്പ്മെൻറ് കോർപ്പറേഷൻെറ ചെയർമാൻ കൂടി ആയ വിഖ്യാത സംവിധായകൻ ശ്രി ഷാജി എൻ കരുണും ഈ കാര്യത്തെപ്പറ്റി സംസാരിക്കാൻ എന്നെ വിളിച്ചിരുന്നു.. അക്കാദമി ചെയർമാൻ പോലെ വലിയ ഒരു പൊസിഷനിൽ ഇരിക്കുന്ന ആൾ ഇത്തരം ഇടപെടലുകൾ നടത്തിയെങ്കിൽ അത് അങ്ങേയറ്റം തെറ്റാണന്നും അക്കാര്യം വെളിയിൽ കൊണ്ടുവന്ന വിനയനെ അഭിനന്ദിക്കുന്നു എന്നുമാണ് അദ്ദേഹം ഒടുവിൽ പറഞ്ഞു വച്ചത്. ഇക്കാര്യം കാണിച്ച് ഷാജിയേട്ടൻ എനിക്കു മെയിലും ചെയ്തിരുന്നു.. ശ്രീ ഷാജി എൻ കരുണിൻെറ വാക്കുകൾക്ക് ഞാൻ വലിയ വിലനൽകുന്നു.. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നല്ലോ അദ്ദേഹം.. ഏതായാലും അക്ഷന്തവ്യമായ തെറ്റാണ് ശ്രീ രഞ്ജിത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തിൽ കേരളത്തിൽ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും സംശയമുണ്ട് എന്നെനിക്കു തോന്നുന്നില്ല.. ശ്രീ രഞ്ജിത്തിൻെറ നാളുകളായുള്ള മൗനവും അതിനെ ശരിവയ്കുന്ന താണല്ലോ? ഈ വാർത്ത വന്നതിനു ശേഷം കഴിഞ്ഞപ്രാവശ്യത്തെ അവാർഡു നിർണ്ണയത്തിലും ശ്രീ രഞ്ജിത് ഇടപെട്ടു എന്നും ഇഷ്ടക്കാർക്ക് അവാഡ് വാങ്ങിക്കൊടുത്തു എന്നും ചലച്ചിത്ര മേഖലയിലെ തന്നെ പല വ്യക്തികളും എന്നെ വിളിച്ചു പറഞ്ഞു.. എന്നാൽ അത്തരം കേട്ടു കേൾവികളൊന്നും ഞാൻ വിശ്വസിക്കുന്നില്ല.. പക്ഷേ ഇവിടെ ശക്തമായ തെളിവുകളുണ്ട്. വ്യക്തി വൈരാഗ്യവും പകയും ഒന്നും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം.. മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാർഡു ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലിലും ഒക്കെ കളങ്കിതനെന്ന് ആരോപണം ഉയർന്ന ഈ ചെയർമാൻ പങ്കെടുക്കുന്നത് ഒട്ടും ഉചിതമല്ല.. അതു പ്രതിഷേധാർഹമാണ്.. അതിനുള്ള നീതി പൂർവ്വമായ തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News