ഞാന്‍ അഭിനയം നിര്‍ത്തണമെന്ന് പറഞ്ഞവരുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍

'എന്നെക്കുറിച്ച് പലപ്പോഴും മോശമായ കാര്യങ്ങൾ വായിച്ചിട്ടുണ്ട്'

Update: 2022-09-15 11:08 GMT

താന്‍ സിനിമയ്ക്ക് പറ്റിയ ആളല്ലെന്നും അഭിനയം നിര്‍ത്തണമെന്നും പറഞ്ഞവരുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 'ചുപ്: ദ റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്' എന്ന ഹിന്ദി സിനിമയുടെ റിലീസിന് മുന്നോടിയായി ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ പ്രതികരണം.

തന്റെ സിനിമകളെക്കുറിച്ചുള്ള ചില നിരൂപണങ്ങൾ പരുഷമായിരുന്നുവെന്ന് ദുൽഖർ പറഞ്ഞു- "എന്നെക്കുറിച്ച് പലപ്പോഴും മോശമായ കാര്യങ്ങൾ നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. ഞാൻ സിനിമ ഉപേക്ഷിക്കണമെന്ന് പോലും ആളുകൾ എഴുതിയിട്ടുണ്ട്. സിനിമ എനിക്ക് പറ്റിയതല്ല, ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്നൊക്കെ എഴുതി. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്".

Advertising
Advertising

കര്‍വാന്‍, ദ സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് സിനിമയാണ് ചുപ്: ദ റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്. റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണ് ചുപ്. സിനിമാ നിരൂപകരെ കൊലപ്പെടുത്തിയ ശേഷം അവരുടെ നെറ്റിയിൽ റേറ്റിംഗ് നക്ഷത്രം കൊത്തിവെക്കുന്ന ഒരു സീരിയൽ കില്ലറെ ചുറ്റിപ്പറ്റിയാണ് സിനിമ.

പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹോപ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.

ചുപ്പിലേത് പോലൊരു കഥാപാത്രം താന്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു- "ബാൽകി സാർ എന്നെ ഈ കഥാപാത്രമാവാന്‍ ക്ഷണിച്ചപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. നിങ്ങൾ ഈ കഥാപാത്രമാകാന്‍ എന്നെ വിളിക്കുന്നതിനെ കുറിച്ച് ശരിക്കും ചിന്തിച്ചിട്ടുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ്. ഇതൊരു പരീക്ഷണ ചിത്രമാണ്. എനിക്ക് വളരെ ആകാംക്ഷയുണ്ട്"

മൃണാൾ താക്കൂറിനൊപ്പമുള്ള സീതാരാമമാണ് ദുൽഖറിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം ബ്ലോക്ബസ്റ്ററായി. പിന്നാലെയാണ് ദുല്‍ഖറിന്‍റെ ബോളിവുഡ് സിനിമ റിലീസിന് ഒരുങ്ങുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News