ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി ശകാരിച്ചുവെന്ന് മിഥുന്‍ ചക്രവര്‍ത്തി

ശനിയാഴ്ചയാണ് താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2024-02-13 04:58 GMT
Editor : Jaisy Thomas | By : Web Desk

മിഥുന്‍ ചക്രവര്‍ത്തി

Advertising

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി തിങ്കളാഴ്ച ആശുപത്രി വിട്ടു. ശനിയാഴ്ചയാണ് താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എംആർഐ ഉൾപ്പെടെയുള്ള പരിശോധനകള്‍ നടത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുതിർന്ന ഡോക്ടർമാരും തെറാപ്പിസ്റ്റുകളും അദ്ദേഹത്തിൻ്റെ ആരോഗ്യനില അവലോകനം ചെയ്തിരുന്നു. "വാസ്തവത്തിൽ ഒരു പ്രശ്‌നവുമില്ല. എനിക്ക് പൂർണ്ണമായും സുഖമാണ്. എൻ്റെ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. നമുക്ക് നോക്കാം. ഞാൻ ഉടൻ ജോലി ആരംഭിച്ചേക്കാം, ചിലപ്പോൾ നാളെയാകാം," ആശുപത്രി വിട്ടതിനുശേഷം മിഥുന്‍ പറഞ്ഞു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും ആരോഗ്യം ശ്രദ്ധിക്കാത്തതിന് തന്നെ ശകാരിച്ചുവെന്നും നടന്‍ പറഞ്ഞു. ബി.ജെ.പി എം.പി ദിലീപ് ഘോഷും രാവിലെ ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷായിരുന്നു സംവിധാനം.ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മിഥുനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ജാക്‌സണ്‍ എന്നറിയപ്പെട്ടിരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകളാണ്. വെള്ളിത്തിരയിലെ തന്‍റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുന്‍ ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്‌കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്. എണ്‍പതുകളില്‍ ബോളിവുഡിന്‍റെ ഹരമായിരുന്നു മിഥുന്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News