ഹിഗ്വിറ്റ എന്ന പേര് മാറ്റണമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല, സിനിമയുടെ പേര് പ്രഖ്യാപിച്ചത് 2019ല്‍: സംവിധായകന്‍

എന്‍.എസ് മാധവന്റെ കഥയുമായോ കഥാപാത്രങ്ങളുമായോ സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ഹേമന്ത് ജി നായര്‍

Update: 2022-12-02 08:53 GMT
Advertising

കൊച്ചി: 'ഹിഗ്വിറ്റ' സിനിമാ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഹേമന്ത് ജി നായര്‍. സിനിമയുടെ പേര് മാറ്റണമെന്ന അറിയിപ്പ് ഫിലിം ചേംബറില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് ഹേമന്ത് പറഞ്ഞു. 2019 നവംബര്‍ 8ന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് അനൗണ്‍സ്‌ ചെയ്തതാണ്. മൂന്ന് വര്‍ഷമില്ലാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് തുടങ്ങിയ 8 താരങ്ങളാണ് സിനിമയുടെ ടൈറ്റില്‍ 2019ല്‍ അനൗണ്‍സ് ചെയ്തത്. മൂന്ന് വര്‍ഷമായിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂരിന്‍റെ ഫേസ് ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും സംവിധായകന്‍ വ്യക്തമാക്കി.

"കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഞാനീ സിനിമയുടെ പിന്നാലെയാണ്. മലയാളികള്‍ ആദരിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. അദ്ദേഹത്തിന്‍റെ കഥയുമായോ കഥാപാത്രങ്ങളുമായോ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. കൊളംബിയയിലെ ഹിഗ്വിറ്റ എന്ന ഗോളിയുടെ പേരാണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. സിനിമ പൊളിറ്റിക്കല്‍ ത്രില്ലറാണ്. മലബാര്‍ പശ്ചാത്തലത്തിലാകുമ്പോള്‍ ഫുട്ബോളിന്‍റെ അംശങ്ങളുണ്ടാകുമെന്ന് മാത്രം. ഫിലിം ചേംബറുമായി സംസാരിച്ച് ഞങ്ങളുടെ ഭാഗം വിശദീകരിക്കും"- ഹേമന്ത് ജി നായര്‍ പറഞ്ഞു.

അതേസമയം ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്നാണ് ഫിലിം ചേംബറിന്‍റെ പ്രതികരണം. സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാം. എന്‍ എസ് മാധവന്‍ നല്‍കിയ പരാതിയിലാണ് ഫിലിം ചേംബറിന്‍റെ നിര്‍ദേശം.

എൻ.എസ് മാധവന്റെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ. അതേ പേര് ഒരു സിനിമയ്ക്കു നല്‍കിയതിലെ ദുഃഖം അദ്ദേഹം നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു- "മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എൻറയത്ര ക്ഷമിച്ചിരിക്കില്ല.എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്"

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ ഇന്ന് ട്വീറ്റ് ചെയ്തു- "ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചു. കേരള ഫിലിം ചേംബറിന് നന്ദി. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സൂരജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകിയെത്തട്ടെ". പിന്നാലെയാണ് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News