'വിനായകൻ്റെ കഥാപാത്രം പൃഥ്വിരാജ് ചെയ്യാനിരുന്നത്'; 'കളങ്കാവലി'നെക്കുറിച്ച് സംവിധായകന്‍
'കളങ്കാവല്‍' നവംബര്‍ 27-ന് തീയേറ്ററുകളിലെത്തും
പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവലിനെ പറ്റി രസകരമായ വെളിപ്പെടുത്തുമായി സംവിധായകൻ ജിതിന്‍ കെ. ജോസ്. വിനായകൻ ചെയ്ത കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ടു കഥാപാത്രങ്ങളായിരുന്ന് തങ്ങളുടെ മനസ്സിൽ എന്നും അതിൽ ഒന്ന് പൃഥ്വിരാജ് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റു ലഭിച്ചപ്പോള്‍ പൃഥ്വിരാജ് മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായി. അങ്ങനെയാണ് കഥാപാത്രം വിനായകനിലേക്ക് പോയതെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടിയാണ് വിനായകനെ പേര് നിര്‍ദേശിച്ചതെന്നും ജിതിന്‍ കെ. ജോസ് പറഞ്ഞു.
ഒരു കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നിയതിനെ തുടർന്നാണ് വിവേക് ദാമോദരന്‍ എന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വഴി മമ്മൂട്ടിയെ കാണാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. തങ്ങള്‍ പറയാതെ തന്നെ, ഒരു കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന് പൃഥ്വിരാജ് പറയുകയായിരുന്നു. മുമ്പേ തന്നെ അക്കാര്യം തങ്ങളുടെ മനസിലുണ്ടെന്ന് പൃഥ്വിരാജിനോട് പറഞ്ഞു. വിനായകന്‍ ചെയ്ത കഥാപാത്രമായിരുന്നു പൃഥ്വിരാജിന് വേണ്ടി കരുതിയിരുന്നതെന്നും ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ കെ. ജോസ് പറഞ്ഞു.
'കളങ്കാവല്‍' നവംബര്‍ 27-ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിൻ്റെ നിര്‍മാണം.