ബെംഗളൂരു: തിയറ്ററുകളില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് കാന്താര എന്ന കന്നഡ ചിത്രം. മൊഴി മാറ്റി മറ്റു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിച്ചപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി കാന്താര കരസ്ഥമാക്കിയിരിക്കുകയാണ്.
കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്‍റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനെക്കാൾ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷന്‍ നിര്‍മിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര.
നിന്നിൻഡേൽ, മാസ്റ്റർപീസ്, രാജകുമാര, കെജിഎഫ് 1, യുവരത്‌ന, കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയുൾപ്പെടെ കന്നഡയിലെ മിക്ക ബോക്സോഫീസ് ഹിറ്റുകളുടെയും പിന്നില്‍ ഹോംബാലെയാണ്. രക്ഷിത് ഷെട്ടിയുടെ 'റിച്ചാര്‍ഡ് ആന്‍റണിയാണ്' കമ്പനിയുടെ അടുത്ത പ്രോജക്ട്. രാഘവേന്ദ്ര സ്റ്റോഴ്‌സിന്‍റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 19-ാം കാന്തപുരയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് നിര്‍മാണം. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.