ഒരേയൊരു ചിത്ര; ഒരായിരം പാട്ടുകള്‍...

കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, അന്‍പത്തെട്ടാം വയസിലും ആ ശബ്ദം അതിമധുരമായി നമ്മുടെ കാതുകളില്‍ തേന്‍മഴ പെയ്യിക്കുന്നു

Update: 2021-07-27 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണിന്ന്. 9 ഭാഷകളില്‍ പാടിയിട്ടുള്ള ചിത്രക്കാണ് ഇന്ത്യയില്‍ ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത്. പ്രതിഭയും എളിമയും അപൂര്‍വമായി സംഗമിച്ച അതുല്യ വ്യക്തിത്വം കൂടിയാണ് ചിത്ര.

വാനമ്പാടി പാടുകയാണ്. അനുവാചകന്‍റെ ഹൃദയത്തെ, മനസിനെ കീഴ്പ്പെടുത്തി...പ്രണയമായ് ...വിഷാദമായ് ...വിരഹമായ് ... പല ഭാവങ്ങളില്‍, പല കാലങ്ങളില്‍ ചിത്രസംഗീതം പ്രവഹിക്കുകയാണ്. ഒരു പുഞ്ചിരിയോടെ പാടിത്തുടങ്ങി സംഗീതത്തിന്‍റെ അനിര്‍വചനീയമായ ആനന്ദത്തിലേക്ക്  നമ്മെ കൈപിടിച്ചു നടത്തുന്ന ശബ്ദ മാന്ത്രികതയുടെ ഉടമയാണ് ചിത്ര. പ്രതിഭയും ലാളിത്യവും ഒത്തിണങ്ങിയ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാള്‍.

അഞ്ചര വയസില്‍ ആകാശവാണിയിലൂടെയാണ് ചിത്രനാദം മലയാളി ആദ്യം കേള്‍ക്കുന്നത്. 1979ല്‍ എം.ജി രാധാകൃഷ്ണന്‍റെ അട്ടഹാസത്തിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേക്ക് എത്തി.. പിന്നീട് സംഗീതത്തിന്‍റെ മഹാനദിയില്‍ ഒരു രാജഹംസം കണക്കെ ഒഴുകി. ജോണ്‍സണ്‍ മാഷിന്‍റെയും രവീന്ദ്രന്‍റെയും ബോംബെ രവിയുടെയുമൊക്കെ ഈണത്തില്‍ നിരവധി ഹിറ്റുകള്‍..

മലയാളനാടിന്‍റെ നാലതിരുകളും കടന്ന് ആ ശബ്ദം ഇതരഭാഷകളിലേക്കും ഒഴുകി. ഭാഷ ഏതായാലും ഉച്ചാരണശുദ്ധിയില്‍ വിട്ടുവീഴ്ച ചെയ്യാത്തത് ചിത്രയെ തമിഴിന്‍റെ ചിന്നക്കുയിലും കന്നഡ കോകിലയും പിയ ബസന്തിയുമൊക്കെയാക്കി. 25000ത്തിലധികം ഗാനങ്ങള്‍, നാല് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയില്‍ ആറ് ദേശീയ പുരസ്കാരങ്ങള്‍, നിരവധി സംസ്ഥാന അവാർഡുകള്‍, പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍.

കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, അന്‍പത്തെട്ടാം വയസിലും ആ ശബ്ദം അതിമധുരമായി നമ്മുടെ കാതുകളില്‍ തേന്‍മഴ പെയ്യിക്കുന്നു. തിരക്കേറിയ സംഗീത ജീവിത്തിലും മീഡിയവണിന്‍റെ സ്നേഹ സ്പര്‍ശം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പരിപാടികളിലും സജീവമാണ് ചിത്ര. മലയാളികളുടെ പ്രിയ വാനമ്പാടിക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News