മരക്കാറിന് നൽകിയ നല്ല പ്രതികരണത്തിന് നന്ദി പറഞ്ഞ് മോഹൻലാൽ

റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു

Update: 2021-12-03 14:49 GMT
Advertising

കേരളത്തിലെ ഇതിഹാസ അധിനിവേശ വിരുദ്ധപോരാളി കുഞ്ഞാലി മരക്കാറുടെ കഥ പറഞ്ഞ 'മരക്കാർ അറബിക്കടലിന്റെ സിംഹം' ചിത്രത്തിന് നൽകിയ നല്ല പ്രതികരണത്തിന് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ.ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ്‌ ചിത്രത്തിന് ഗുണകരമായ പ്രതികരണം നൽകിയ ലോകത്തെമ്പാടുമുള്ള സുഹൃത്തുക്കൾക്കും കുടുംബത്തിനും നടൻ നന്ദിപറഞ്ഞത്. നിങ്ങളുടെയെല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ മരക്കാർ സിനിമ യാഥാർത്ഥ്യമാകുമായിരുന്നില്ലെന്നും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുഞ്ഞാലി മരക്കാറെന്ന കഥാപാത്രത്തിന്റെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കുവെച്ചത്.


എന്നാൽ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ചിത്രം സാങ്കേതിക മേഖലകളിൽ മികവ് പുലർത്തിയെങ്കിലും മോശം തിരക്കഥയും സംഭാഷണവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മികച്ച ദൃശ്യാനുഭവം സമ്മാനിച്ച യുദ്ധരംഗമടക്കമുള്ള ആദ്യ പകുതി ഏറെ പ്രതീക്ഷ പകർന്നെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും, വി.എഫ്.എക്സിന്റെ തിയേറ്റർ അനുഭവത്തിനായി മാത്രം കാണേണ്ട സിനിമയായി മരക്കാർ മാറിയെന്നും സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ പറഞ്ഞു.

'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം നേടിയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ഈ ബിഗ് ബജറ്റ് ചിത്രം 100 കോടി കളക്ഷൻ നേടിയെന്നായിരുന്നു ഇവർ പറഞ്ഞത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെട്ടു. റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാർ റിലീസിനെത്തിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണുള്ളത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Full View

മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്. കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണുള്ളത്. ഇതിൽ 626 റിലീസിങ് സ്‌ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാർ റിലീസിന് മുന്നേ അവാർഡ് വേദികളിൽ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്‌സ് തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങൾ മരക്കാർ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News