'വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു'; സാമന്ത

വേര്‍പിരിയലിനു ശേഷം അടുത്തിടെ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം സാമന്ത പങ്കുവച്ചിരുന്നു

Update: 2023-11-09 15:38 GMT

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളായിരുന്ന സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടിരുന്നത്. ഇപ്പോഴിതാ നാഗ ചൈതന്യയുമായി പിരിഞ്ഞതിന് ശേഷം ജീവിത്തിൽ ഏറെ പ്രശ്നങ്ങള്‍ ഉണ്ടായെന്നും കഴിഞ്ഞ രണ്ട് കൊല്ലമായി താനിപ്പോഴും അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വേർപിരിഞ്ഞ സമയത്തെ മാനസികാവസ്ഥ മറികടക്കാൻ താൻ ഏറെ കഷ്ടപ്പെട്ടെന്നും താരം ഹാർപേഴ്‌സ് ബസാർ ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


‘വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച് തിരിച്ചുവന്നപ്പോള്‍ ഇതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. ആ കഥകൾ എന്നെ ശക്തമായി മുന്നോട്ട് പോകാൻ സഹായിച്ചു. എനിക്ക് ബലമായതും എന്നെ രക്ഷപ്പെടുത്തിയതും അതാണ്. അവർക്ക് പറ്റുമെങ്കിൽ എനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നി. എനിക്കുള്ള വേദനകളെല്ലാം വച്ച് ഞാന്‍ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാന്‍ ആശംസിക്കുകയാണ്’- സാമന്ത.



വേര്‍പിരിയലിനു ശേഷം അടുത്തിടെ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം സാമന്ത പങ്കുവച്ചിരുന്നു . ഇരുവരുടെയും വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയാണ് നടി പങ്കുവച്ചത്. ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗിന്‍റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സാമന്ത ഈ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഇരുവരും വീണ്ടും ഒരുമിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.

2017 ഒക്ടോബര്‍ ആറിനാണ് നാഗ ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വിവാഹമോചനത്തിനു ശേഷം നടി ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായി. ഈയിടെ നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നുവെന്നും സിനിമാലോകത്തിനു പുറത്തി നിന്നുള്ളയാളായിരിക്കും വധുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


മജിലിയായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമയുടെ പ്രൊമോഷൻ വേളയിൽ മിജിലിയിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിച്ചപ്പോൾ വളരെ ഞെട്ടലോടെ ഈ പാട്ട് കേൾക്കുന്ന സാമന്തയുടെ വീഡിയോ വൈറലായിരുന്നു.അതേസമയം മയോസിറ്റിസ് ചികിത്സക്കായി അഭിനയത്തില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. വിജയ് ദേവരക്കൊണ്ടക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സാമന്തയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News