'രജനികാന്തിന്റെ പേട്ടയിൽ അഭിനയിച്ചതിൽ കുറ്റബോധം'; എല്ലാവരേയും മണ്ടന്മാരാക്കിയെന്ന് നവാസുദ്ദീൻ സിദ്ദിഖി

വാങ്ങിയ പ്രതിഫലത്തിൽ ലജ്ജ തോന്നിയെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

Update: 2024-02-16 13:39 GMT
Advertising

രജനികാന്ത് ചിത്രമായ 'പേട്ട'യിൽ അഭിനയിച്ചതിനുശേഷം കുറ്റബോധം തോന്നിയെന്ന് നടൻ നവാസുദ്ദീൻ സിദ്ദിഖി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. പേട്ട സിനിമയിൽ അഭിനയിച്ചതിന് ശേഷം എല്ലാവരേയും മണ്ടന്മാരാക്കിയതായി തോന്നിയെന്നും വാങ്ങിയ പ്രതിഫലത്തിൽ ലജ്ജ തോന്നിയെന്നുമാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ പരാമർശം.  

"രജനി സാർ ചിത്രം പേട്ടയിൽ അഭിനയിച്ചതിന് ശേഷം ഏറെ കുറ്റബോധം തോന്നി. അറിയാത്ത ജോലിക്ക് പ്രതിഫലം വാങ്ങിയത് പോലെയായിരുന്നു. ആ സമയത്ത് തോന്നിയത് ഞാൻ ചിത്രത്തിലൂടെ എല്ലാവരെയും മണ്ടന്മാരാക്കിയെന്നാണ്. കാരണം ഞാൻ പറഞ്ഞ സംഭാഷണം എന്താണെന്നുപോലും ശരിക്കും അറിയില്ലായിരുന്നു. ഒരാൾ പറഞ്ഞുതന്നതിന് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. ഒരുപാട് വാക്കുകൾ മനസിലായില്ല"- എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.  

പേട്ടയിലുണ്ടായ കുറ്റബോധം 2023 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'സൈന്ധവി'ലൂടെയാണ് മാറിയതെന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്. ആ ചിത്രത്തിൽ ഡയലോഗുകളുടെ അർഥം മനസിലാക്കി സ്വന്തമായാണ് ഡബ്ബ് ചെയ്തതെന്നും അതോടെ പേട്ടയിൽ തോന്നിയ കുറ്റബോധം അൽപ്പം കുറഞ്ഞെന്നും നവാസുദ്ദീൻ പറയുന്നു.  

പേട്ടയിൽ വില്ലൻ കഥാപാത്രത്തെയാണ് നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ചത്. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിംഹ, മാളവിക മോഹനന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ. 2019 ൽ കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 250 കോടി രൂപ കലക്ഷന്‍ നേടിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News