'വില്ലനായി മമ്മൂട്ടി...?' വിനായകൻ വേറെ ലെവൽ, ഡെഡ്‍ലി ലുക്ക്- നെൽസണ്‍

ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തേത് പോലെ ആവില്ലായിരുന്നുവെന്നും നെൽസണ്‍ പറയുന്നു.

Update: 2023-08-12 13:15 GMT
Advertising

രജനികാന്ത് ആരാധകരെ മാത്രമല്ല മലയാളി, കന്നഡ സിനിമാപ്രേമികളെയും ത്രസിപ്പിച്ചാണ് ജയിലർ തിയേറ്ററുകളിൽ മുന്നേറുന്നത്. മോഹന്‍ലാലിന്‍റെയും ശിവരാജ്‌‍കുമാറിന്‍റെയും അതിഥി വേഷങ്ങൾ അത്രമേൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രത്തിൽ പ്രതിനായകനായെത്തിയ വിനായകനും കയ്യടി നേടുകയാണ്. ജയിലറിൽ വില്ലനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നു എന്നത് ഓഡിയോ ലോഞ്ചിന് ശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ വ്യാപക ചർച്ചയായ കാര്യമാണ്. മമ്മൂട്ടിയുടെ പേര് പരാമർശിക്കാതെ രജനികാന്ത് തന്നെയാണ് ഇക്കാര്യം ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ നെൽസണ്‍ ദിലീപ് കുമാർ. 

"മമ്മൂട്ടി സര്‍ തന്നെ വേണം എന്ന നിലയ്ക്കല്ല ആലോചിച്ചത്. മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തേത് പോലെ ആവില്ലായിരുന്നു. വിനായകന്റെ റോളില്‍ ഒരു പുതുമയുണ്ട്. വിനായകന്‍ വേറെ ലെവല്‍ ആളാണ്. അദ്ദേഹത്തിന്റെ ലുക്ക് വളരെ ഇഷ്ടമാണ്. മല്ലു വില്ലന്‍ കഥാപാത്രമാണ് ഞാന്‍ എഴുതിയത്. വില്ലനെ കേരളത്തില്‍ നിന്നു തന്നെ വേണമെന്നത് നിര്‍ബന്ധമായിരുന്നു" ചിത്രം പുറത്തിറങ്ങിയതിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തില്‍ നെൽസണ്‍ വ്യക്തമാക്കുന്നു. 

ഡെഡ്‍ലി ലുക്ക്, സംസാരിക്കുന്ന സ്‌റ്റൈല്‍ ഇതൊക്കെയാണ് വിനായകന്റെ സിഗ്‌നേച്ചറെന്നും അങ്ങനെയാണ് അദ്ദേഹത്തിലെത്തിയതെന്നും നെൽസണ്‍ പറയുന്നു. തെലുങ്കിൽ നിന്ന് ബാലകൃഷ്ണയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എവിടെയെങ്കിലും അത്തരത്തിലുള്ള ഒന്ന് രണ്ട് സീന്‍ കൊണ്ടുവരാന്‍ നോക്കി, ഒരു പൊലീസുകാരന്‍റെ കഥാപാത്രം മനസിലുണ്ടായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ലെന്നും നെൽസണ്‍ കൂട്ടിച്ചേർത്തു.  

"വില്ലൻ കഥാപാത്രം ചെയ്യാൻ ഒരു പേര് സജഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്, വളരെ മികച്ച കഴിവുള്ള ആര്‍ട്ടിസ്റ്റ്. എന്റെ നല്ല സുഹൃത്ത്. അദ്ദേഹം ചെയ്താല്‍ എങ്ങനെ ഉണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു" ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു. താൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് റോളിന്‍റെ കാര്യം സംസാരിച്ചെന്നും സംവിധായകനോട് വന്ന് കഥ പറയാന്‍ പറയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രജനി പറയുന്നുണ്ട്. അതേസമയം, ചിത്രത്തിലെ വിനായകന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News