അന്ന് അവാർഡ് നിശയിൽ അപമാനം, ഇന്ന് എങ്കെ പാത്താലും നെൽസണ്‍; ജയിലർ ഒരു മധുരപ്രതികാരം

'ബീസ്റ്റ്' സിനിമയ്‌ക്കെതിരെ ഉയർന്ന വിമര്‍ശനങ്ങള്‍ നെല്‍സണെ കുറച്ചൊന്നുമല്ല ബാധിച്ചത്. കുറച്ചുകാലങ്ങൾക്ക് മുൻപ് ഒരു അവാർഡ് ദാന ചടങ്ങിൽ നെൽസണ്‍ നേരിട്ട അവഗണന സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Update: 2023-08-11 13:11 GMT
Advertising

ഒരു രജനീകാന്ത് ചിത്രത്തിൽ നിന്ന് ആരാധകർ എന്താണ് പ്രതീക്ഷിക്കുന്നത്? അത് അണുവിട തെറ്റാതെ കൃത്യമായ മീറ്ററിൽ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചപ്പോൾ ഒരു 'കംപ്ലീറ്റ് രജനി ഷോ' ആയി മാറുകയാണ് നെൽസണ്‍ ദിലീപ് കുമാറിന്റെ 'ജയിലർ'. മോഹൻലാലിന്റെ മരണമാസ് പെർഫോമൻസ് കൂടിയായപ്പോൾ സംവിധായകൻ നെൽസന്റെ കഠിനാധ്വാനത്തിനുള്ള ഫലം തിയേറ്ററുകൾ ഇളക്കിമറിക്കുകയാണ്. ഇതോടെ, ബീസ്റ്റ് എന്ന ചിത്രത്തിന്റെ പരാജയത്തിനു പിന്നാലെയുണ്ടായ വിമർശനങ്ങൾക്കെല്ലാമുള്ള നെൽസന്റെ മധുര പ്രതികാരം തന്നെയാവുകയാണ് ജയിലർ.  

ഒരിക്കൽ തന്നെ പരിഹസിച്ചവർ പ്രശംസിക്കുകയും അപമാനിച്ചവർ അംഗീകരിക്കുകയും അവഗണനകൾ പരിഗണനകളാവുകയും ചെയ്യുമ്പോൾ നെൽസന്റെ ഉയിർത്തെഴുന്നേൽപ്പിനെയാണ് ജയിലർ അടിവരയിടുന്നത്. ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് നെൽസണ്‍ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് തന്നെ ആശങ്കപ്പെട്ടതായും വാർത്തകൾ വന്നു. ഇതിനെല്ലാം കാരണം ബീസ്റ്റിന്റെ പരാജയം നൽകിയ കയ്പേറിയ അനുഭവങ്ങൾ തന്നെയാണ്. 


'ബീസ്റ്റ്' സിനിമയ്‌ക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ കുറച്ചൊന്നുമല്ല നെല്‍സണെ ബാധിച്ചത്. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു അവാർഡ് ദാന ചടങ്ങിൽ നെൽസണ്‍ നേരിട്ട അവഗണനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. താരങ്ങളും സംവിധായകരും നിര്‍മാതാക്കളും മറ്റു സിനിമാപ്രവര്‍ത്തകരും പങ്കെടുക്കുന്ന വലിയ ചടങ്ങായിരുന്നു അത്. കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകളടിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ എതിരേൽക്കാൻ സംഘാടകരും ഫോട്ടോഗ്രാഫര്‍മാരും ജനക്കൂട്ടവുമുണ്ടായി. അവരെ നിയന്ത്രിക്കാൻ ബൗണ്‍സര്‍മാരും വളഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ നെല്‍സണ്‍ ദിലീപ്കുമാര്‍ വന്നിറങ്ങിയപ്പോൾ ആളും ആരവവും ഒന്നുമുണ്ടായിരുന്നില്ല. ബൗണ്‍സര്‍മാർ അയാളെ അനുഗമിച്ചില്ല, നിയന്ത്രിക്കാൻ അയാൾക്ക് ചുറ്റും ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. പകരം അയാൾക്ക് അവർ വഴി കാട്ടിക്കൊടുത്തു. നെൽസണ്‍ തന്റെ സുഹൃത്ത് റെഡിൻ കിങ്‌സ്‌ലിക്കൊപ്പം ചടങ്ങിലേക്ക് പ്രവേശിച്ചു.  


'ബീസ്റ്റ്' നെൽസണെ സംബന്ധിച്ചിടത്തോളം അത്യുന്നതിയിൽ നിന്നുള്ള വീഴ്ചയായിരുന്നു. അതിന്റെ ആഘാതം വളരെ വലുതാണ്. വിജയെ നായകനാക്കി ഒരു സിനിമ ഒരുക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ചെറുതൊന്നുമായിരുന്നില്ല. അത് പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോൾ അവർ അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വാഭാവികം. സിനിമ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെങ്കിലും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും ആവര്‍ത്തന വിരസതയും പ്രേക്ഷക ഹൃദയങ്ങളിൽ അതിനെ പരാജയപ്പെടുത്തി. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം വിമർശനങ്ങൾക്ക് ആക്കം കൂടുകയും ചെയ്തു.  

2022-ലാണ് നെൽസണ്‍ രജനീകാന്തിനെ നായകനാക്കി ജയിലർ പ്രഖ്യാപിക്കുന്നത്. പക്ഷെ അന്നും വിമർശനങ്ങൾ വിട്ടൊഴിഞ്ഞില്ല. തലൈവരെ പരീക്ഷണത്തിന് എറിഞ്ഞുകൊടുക്കരുതെന്ന വാദങ്ങൾ ഉയർന്നു. ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റണമെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തി. പക്ഷെ അപ്പോഴും രജനികാന്തും സണ്‍ പിക്‌ചേഴ്‌സിന്റെ കലാനിധി മാരനും സംഗീത സംവിധായകന്‍ അനിരുദ്ധുമെല്ലാം നെൽസണെ ചേർത്തുപിടിച്ചു. 'നെൽസണിൽ എനിക്കൊരു ആശങ്കയും ഇല്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് ഒരു നല്ല സംവിധായകന്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നാണ്. സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തലൈവർ പറഞ്ഞ വാക്കുകളാണിവ.


ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ജയിലർ തിയേറ്ററുകളിലെത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിഹാര്‍ ജയിലിലിലെ ജയിലറായി വിരമിച്ച മുത്തുവേല്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും ശിവരാജ്കുമാറും ജാക്കി ഷ്‌റോഫും വർമൻ എന്ന വില്ലനായി വിനായകനും അക്ഷരാർത്ഥത്തിൽ പ്രേക്ഷകനെ ഞെട്ടിച്ചു. റിലീസ് ചെയ്ത ആദ്യദിനത്തില്‍ തന്നെ 52 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ 300ലധികം തീയേറ്ററുകളിലാണ് 'ജയിലര്‍' റിലീസ് ചെയ്തത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News