രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധര്‍' സിനിമയുടെ ഷൂട്ടിങ്ങിനിടെ ഭക്ഷ്യവിഷബാധ; 100ലധികം പേര്‍ ആശുപത്രിയിൽ
ബജറ്റ് വെട്ടിക്കുറച്ചതും ഭക്ഷണത്തിന്‍റെ ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് പ്രാരംഭ കിംവദന്തികൾ ഉണ്ടായിരുന്നു
ലഡാക്ക്: ബോളിവുഡ് നടൻ രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ ഭക്ഷ്യവിഷബാധ. ആഗസ്ത് 17ന് നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കഠിനമായ വയറുവേദന, ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ലേയിലെ സജൽ നർബു മെമ്മോറിയൽ (എസ്എൻഎം) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബജറ്റ് വെട്ടിക്കുറച്ചതും ഭക്ഷണത്തിന്‍റെ ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് പ്രാരംഭ കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും സംഭവത്തിന്‍റെ നിജസ്ഥിതിയെന്തെന്ന് പ്രൊഡക്ഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്ഷൻ ടീമിന്‍റെ ഭാഗത്തു നിന്നുള്ള അശ്രദ്ധയാണെന്ന വസ്തുത സംഘം നിഷേധിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്തെ ചിക്കൻ മാലിന്യ പ്രശ്നം പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി."ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലിയ സിനിമകളിൽ ഒന്നാണിത്. ചെലവ് ചുരുക്കലിന്‍റെ ആവശ്യകത എന്തിനാണ്?. ഷൂട്ട് ചെയ്യാൻ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു ഭൂപ്രദേശമാണ് ലേ. 300 പേരാണ് ഞങ്ങളുടെ യൂണിറ്റിലുള്ളത്. പ്രദേശത്തെ മലിനീകരണ പ്രശ്നമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചത്. ഇത്തരം പരിഹാസ്യമായ കിംവദന്തികൾ പ്രചരിക്കുന്നത് ഭയാനകമാണ്'' സിനിമാവൃത്തങ്ങൾ അറിയിച്ചു. ആരോഗ്യം, ശുചിത്വം, സുരക്ഷ എന്നിവക്ക് സെറ്റിൽ എപ്പോഴും മുൻഗണന നൽകാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വിശദമായ പരിശോധനക്ക് ശേഷം കൂടുതൽ മുൻകരുതലുകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിന് ശേഷം ചിത്രീകരണം പുനരാരംഭിച്ചുവെന്നും വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ അവസാനഘട്ട ചിത്രീകരണത്തിലാണ് ധുരന്ധര്‍. സെപ്തംബര്‍ പകുതിയോടെ ലേ ഷെഡ്യൂൾ പൂർത്തിയാക്കി മുംബൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആദിത്യ ധർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സഹനിർമാതാവായി പ്രവർത്തിക്കുന്ന ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ധുരന്ധർ.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡിസംബര്‍ 5ന് ചിത്രം തിയറ്ററുകളിലെത്തും.