കേരള സ്റ്റോറി: ഹരജി ഇന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ

പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹരജിക്കാർ

Update: 2023-05-04 05:12 GMT
Advertising

കൊച്ചി: ദി കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരായ ഹരജികള്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷ. പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. രജിസ്ട്രാർ ജനറലിന് ഹരജിക്കാർ കത്തുനൽകി. ജി.ഐ.ഒ പ്രസിഡന്‍റ് തമന്ന സുൽത്താനയും വെൽഫെയർ പാർട്ടിയുമാണ് ഹരജി നല്‍കിയത്.

ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് അപേക്ഷ. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിക്കാമെന്ന് രജിസ്ട്രാർ ഉറപ്പുനൽകിയതായി അഭിഭാഷകർ അറിയിച്ചു.

നാളെ വാദം കേള്‍ക്കുമെന്നാണ് കേരള ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നാളെയാണ്. ഹരജി വേഗത്തില്‍ പരിഗണക്കണമെന്ന് ഇന്നലെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു തന്നെ ഹരജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയിലെത്തിയത്.

കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർത്തുവെന്ന സിനിമയുടെ ടീസറിലെ പരാമർശത്തോടെയാണ് വിവാദങ്ങൾ ഉയരുന്നത്. എന്നാൽ ടീസറിലൂടെ മാത്രം സിനിമയെ വിലയിരുത്താൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു. സാമുദായിക സ്പർധ വളർത്തുന്നതാണ് ടീസറിലെ ഉള്ളടക്കമെന്ന ഹരജിക്കാരന്‍റെ ആരോപണവും കോടതി അംഗീകരിക്കുന്നില്ല. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സെൻസർ ബോർഡിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News