സിനിമകൾ നഷ്ടത്തിൽ; മാർച്ച് മാസത്തെ തിയേറ്റർ കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്

Update: 2025-04-27 05:39 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

175.65 കോടി രൂപയാണ് എമ്പുരാന്റെ ബജറ്റ്. എമ്പുരാന്റെ അഞ്ചുദിവസത്തെ കണക്കാണ് പുറത്തുവിട്ടത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 24 കോടി രൂപ തിയറ്റർ കലക്ഷൻ നേടി. മാർച്ച് മാസം റിലീസ് ചെയ്ത സിനിമകളിൽ നിലവിൽ പ്രദർശനം തുടരുന്നത് അഞ്ച് സിനിമകളാണ്.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

സമാനമാണ് ഫെബ്രുവരിയിലെ കണക്കുകളും. ഫെബ്രുവരി മാസത്തിൽ 17 സിനിമകളാണ് റിലീസായത്. 75.23 കോടി മുതൽ മുടക്കിയ ചിത്രങ്ങൾ നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News