കുരക്കാത്ത നായയും കുറ്റം പറയാത്ത നാവുമില്ല, ബീസ്റ്റ് പരാജയമായപ്പോൾ നെൽസണ് ഡേറ്റ് കൊടുക്കരുതെന്ന് പറഞ്ഞു: രജനികാന്ത്

സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നീക്കാന്‍ പറഞ്ഞിരുന്നെന്നും രജനികാന്ത്.

Update: 2023-07-29 07:23 GMT
Advertising

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.  

ബീസ്റ്റ് സിനിമയുടെ പരാജയത്തിന് ശേഷം നെല്‍സണ്‍ ഒരുക്കുന്ന പടത്തിന് ഡേറ്റ് കൊടുക്കരുതെന്ന് പലരും പറഞ്ഞതായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഒരു സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും അയാൾ എടുക്കുന്ന വിഷയങ്ങളാണ് പരാജയപ്പെടുന്നതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. 'ബീസ്റ്റ് ഇറങ്ങിയതിനു ശേഷം സൺ പിക്‌ചേഴ്‌സിനോട് ഞാൻ സംസാരിച്ചു. സിനിമയെക്കുറിച്ച് മോശം അഭിപ്രായങ്ങളാണ് ഉയർന്നതെങ്കിലും വിതരണക്കാർക്ക് നഷ്ടമുണ്ടാക്കിയില്ല, മികച്ച കലക്ഷനാണ് ബീസ്റ്റിന് ലഭിച്ചത്'- രജനികാന്ത് പറയുന്നു. 

പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. എന്നാൽ പരുന്ത് അതുപോലെ ചെയ്യില്ല. അത് പ്രതികരിക്കാതെ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനികാന്ത് പറഞ്ഞു. ജയിലറിലെ 'ഹുക്കും' എന്ന ഗാനത്തില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് നീക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഞാന്‍ നീക്കാന്‍ പറഞ്ഞിരുനെന്നും താരം കൂട്ടിച്ചേർത്തു. 

ജയിലറിൽ തനിക്കൊപ്പം അഭിനയിക്കുന്ന മോഹൻലാലിനെക്കുറിച്ചും രജനികാന്ത് പരാമർശിച്ചു. മോഹൻലാൽ മഹാ നടനാണെന്നും അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് രജനികാന്തിന്റെ പ്രതികരണം. കഥയുടെ മികവുകൊണ്ടല്ല, രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് മോഹൻലാൽ ജയിലറിന്റെ ഭാഗമാകുന്നതെന്ന് സംവിധായകൻ നെൽസണ്‍ വ്യക്തമാക്കി. ഇതാദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുക. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News