രവീന്ദ്രനും യേശുദാസും ചേര്‍ന്നുണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊന്നും എനിക്കിഷ്ടമല്ല; വീണ്ടും വിമര്‍ശനവുമായി പി.ജയചന്ദ്രന്‍

മലയാള സിനിമാഗാനരംഗത്ത് ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റി സർക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു

Update: 2022-09-22 05:44 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി ഗായകന്‍ പി.ജയചന്ദ്രന്‍. മലയാള സിനിമാഗാനരംഗത്ത് ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റി സർക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. സ്വരം തൃശൂരിന്‍റെ 'ജയസ്വരനിലാവ്' പരിപാടിയിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

''രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയിൽ വെച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. അവർ തമ്മിൽ ഒന്നായി, ഞാൻ പുറത്തായി. നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാം" -ജയചന്ദ്രൻ പറഞ്ഞു

Advertising
Advertising

സ്വരം തൃശൂരിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യവസായി സുന്ദര്‍ മേനോനാണ് ജയചന്ദ്രനെ ആദരിച്ചത്. ടി.എൻ. പ്രതാപൻ എം.പി. വിദ്യാധരൻ, എ. അനന്തപദ്മനാഭൻ, സുന്ദർ മേനോൻ, അഡ്വ. ശോഭ ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ അവാർഡ് നേടിയ നടി അപർണ ബാലമുരളിയെയും ചടങ്ങിൽ ആദരിച്ചു.

അതേസമയം അടുത്തിടെയും ജയചന്ദ്രന്‍ രവീന്ദ്രനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. രവീന്ദ്രനെ മാസ്റ്ററായി കാണേണ്ടതില്ലെന്നും അദ്ദേഹം സംഗീതത്തെ അനാവശ്യമായി സങ്കീര്‍ണമാക്കിയെന്നുമാണ് ജയചന്ദ്രന്‍ പറഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവഗായകന്‍റെ ആരോപണം. രവീന്ദ്രനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെ താൻ മാസ്റ്റർ കമ്പോസറായി കണ്ടിട്ടില്ലെന്നാണ് ജയചന്ദ്രൻ പറഞ്ഞത്. എന്തുകൊണ്ടാണ് സംഗീതം ഇത്രയും ബുദ്ധിമുട്ടുള്ളതാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രവീന്ദ്രന് ഒരു നല്ല സം​ഗീത സംവിധായകനാവാമായിരുന്നു. പക്ഷേ പകുതിയിൽ വഴിതിരിഞ്ഞുപോയി. ഇപ്പോൾ ബിജിബാലും എം. ജയചന്ദ്രനും നല്ല പാട്ടുകൾ ചെയ്യുന്നുണ്ട്. പക്ഷേ ആസ്വാദകന് എന്താണ് വേണ്ടതെന്ന് മനസിലാക്കി പാട്ടുകൾ ചെയ്യുന്നത് ​ഗോപി സുന്ദറാണ്. വേറെയാരും യാതൊരു പരാമർശവും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രവീന്ദ്രന്‍റെ ഭാര്യ ശോഭ രവീന്ദ്രന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. ''മാഷ് ഇവിടെ നിന്ന് പോയിട്ട് തന്നെ പതിനേഴ് വർഷമായി. ഇങ്ങനെയൊരു അഭിപ്രായം പറയാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു എന്നുള്ളതാണ് സങ്കടകരം'' എന്നായിരുന്നു ശോഭയുടെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News