മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം, ശ്രീനി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല; പ്രതികരണവുമായി പ്രിയദര്‍ശന്‍

പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്‍റെ പ്രമോഷന്‍റെ ഭാഗമായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍റെ പ്രതികരണം

Update: 2023-04-10 05:59 GMT
Editor : Jaisy Thomas | By : Web Desk

ശ്രീനിവാസന്‍/മോഹന്‍ലാലും പ്രിയദര്‍ശനും

Advertising

അടുത്തിടെ മോഹന്‍ലാലിനെ ശ്രീനിവാസന്‍ വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മരിക്കും മുന്‍പ് എല്ലാ തുറന്നെഴുതുമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു.


പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്‍റെ പ്രമോഷന്‍റെ ഭാഗമായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍റെ പ്രതികരണം. എന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്‍റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്‍റെ അനാരോ​ഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല. സത്യന്‍ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.- പ്രിയദർശൻ പറഞ്ഞു.

ഇതില്‍ മോഹന്‍ലാല്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും അതാണ് ഇതിലെ നല്ല വശമെന്നുമാണ് പ്രിയദർശൻ പറയുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം.- പ്രിയദർശൻ കൂട്ടിച്ചേർത്തു.



ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്‍റെ വിവാദപരാമര്‍ശം. പത്മശ്രീ ഡോ. സരോജ് കുമാര്‍ എന്ന സിനിമ സംവിധായകന്‍ രാജീവ് നാഥില്‍ നിന്നുമുള്ള അനുഭവത്തില്‍ എഴുതിയതാണെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ചാനല്‍ ഷോക്കിടെ മോഹന്‍ലാല്‍ തന്നെ ചുംബിച്ചത് അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്നും ഡോ സരോജ് കുമാര്‍ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്‍റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.കൂടാതെ അനശ്വര നടന്‍ പ്രേംനസീര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ലാല്‍ അതിനോട് താല്‍പര്യം കാണിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News