രാഷ്ട്രീയമായും സർഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടി; 2018 സിനിമക്കെതിരെ സുസ്മേഷ് ചന്ത്രോത്ത്

പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാൽ യാഥാർത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല

Update: 2023-05-25 08:00 GMT
Editor : Jaisy Thomas | By : Web Desk

സുസ്മേഷ് ചന്ത്രോത്ത്

2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്ത '2018' എന്ന സിനിമക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. ഒരു രാഷ്ട്രീയപ്പാർട്ടിയെയും പരാമാർശിക്കാതെ കല ഉണ്ടാക്കുക അല്ലെങ്കിൽ ജീവിതമുണ്ടാക്കുക എന്നത് നിക്ഷ്പക്ഷവാദമോ സമദൂരവാദമോ ഒന്നുമല്ല, ശുദ്ധവിവരക്കേടാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



സുസ്മേഷ് ചന്ത്രോത്തിന്‍റെ കുറിപ്പ്

2018 സിനിമയെക്കുറിച്ച്..

മലയാളസിനിമയുടെ സാമ്പത്തികപരിമിതികൾക്കുള്ളിൽ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചർച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോൾ ഇതൊന്നും മനസ്സിനെ സ്പർശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറു വർഷത്തിനുള്ളിൽ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോൾ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനർനിർമ്മിക്കേണ്ടതെന്ന് ആർക്കുമറിയാം. എന്നാൽ രണ്ടോ രണ്ടരയോ മണിക്കൂറിൽ വരുന്ന സിനിമയിൽ നടന്ന കാര്യങ്ങളെ മുഴുവൻ ആവിഷ്‌കരിക്കാൻ സാധിക്കുകയുമില്ല. അതിന്‍റെ ആവശ്യവുമില്ല. കിണറ്റുവെള്ളത്തിൽ മായം കലർന്നോ എന്നറിയുന്നത് കിണർ വെള്ളം മുഴുവനുമെടുക്കാതെ ഒരു തുള്ളി വെള്ളമെടുത്ത് പരിശോധിച്ചിട്ടാണല്ലോ. അതുപോലെ 2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാന സർക്കാരിന്‍റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു.

Advertising
Advertising

സർക്കാർ എന്നത് ഏതെങ്കിലും കക്ഷിയോ ഒന്നിലധികം കക്ഷികളോ ചേർന്നതാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാർ പ്രവർത്തിക്കുന്നത് കക്ഷിരാഷ്ട്രീയത്തിനുള്ളിൽ നിന്നിട്ടല്ല. കോൺഗ്രസ് ഭരിച്ചാലും സി. പി.എം ഭരിച്ചാലും ലീഗ് ഭരിച്ചാലും ഗവൺമെന്‍റ് എപ്പോഴും അങ്ങനെതന്നെയായിരിക്കും. ആയിരിക്കണം. എന്നാൽ ജനാധിപത്യപ്രക്രിയയിൽ കക്ഷിരാഷ്ട്രീയത്തിന് പ്രാധാന്യമുള്ളതിനാൽ ഏതുകക്ഷിയുടെ ഗവൺമെന്റാണോ ഭരിക്കുന്നത് ആ കക്ഷിയുടെ രാഷ്ട്രീയ മര്യാദകളും പെരുമാറ്റശീലങ്ങളും താൽപര്യങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിരിക്കുകയും ചെയ്യും. ഉണ്ടാവുകയും വേണം. വസ്തുതകൾ അവതരിപ്പിക്കുന്നിടത്ത് മാറ്റിനിർത്താൻ അയോഗ്യതയുള്ള ഒന്നല്ല അക്കാര്യം.



2018ലെ പ്രളയകാലത്ത് ഇടതുപക്ഷസർക്കാർ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് നടത്തിയതെന്ന കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കുപോലും എതിരഭിപ്രായമില്ല. അപ്പോൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോൾ അതിൽ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ല. അഥവാ അത് അരാഷ്ട്രീയമാണ്. അതുമല്ലെങ്കിൽ വ്യക്തമായ പക്ഷം പിടിക്കലാണ്. സിനിമയിൽ ഒരു രാഷ്ട്രീയകക്ഷിയെയും പരാമർശിച്ചിട്ടില്ലല്ലോ എന്നും പിന്നെങ്ങനെയാണ് പക്ഷം പിടിത്തമാകുന്നതെന്നും ചോദിച്ചേക്കാം. അവിടെയാണ് കള്ളത്തരം മുണ്ടുമടക്കിയുടുത്ത് നടക്കുന്നത് നാം കാണുന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയെയും പരാമാർശിക്കാതെ കല ഉണ്ടാക്കുക അല്ലെങ്കിൽ ജീവിതമുണ്ടാക്കുക എന്നത് നിക്ഷ്പക്ഷവാദമോ സമദൂരവാദമോ ഒന്നുമല്ല. ശുദ്ധവിവരക്കേടാണ്. അല്ലെങ്കിൽ കണ്ണടച്ചിരുട്ടാക്കലാണ്.

മുഖ്യമന്ത്രി പിണറായി വിജയനെയോ എൽ.ഡി.എഫിനെയോ പ്രകീർത്തിക്കുന്ന സിനിമയുണ്ടാക്കേണ്ട. പക്ഷേ അവരുൾപ്പെട്ട ഗവൺമെന്റും ഗവൺമെന്റിന്റെ സംവിധാനങ്ങളും അതിലെ അംഗങ്ങളും യോജിച്ചുപ്രവർത്തിച്ചവിധമെന്തെന്ന് സിനിമയിൽ കാണിച്ചാൽ മതിയായിരുന്നു. പത്തോ പന്ത്രണ്ടോ സെക്കന്റ് വരുന്ന ഇരുപതോ മുപ്പതോ ഷോട്ടുകൾക്കുള്ളിൽ വന്നുപോകുന്ന മൂന്നോ നാലോ സീൻ മതി അക്കാര്യം സിനിമയിൽ പറയാൻ. ഏറിവന്നാൽ പത്തുമിനിട്ട് വേണ്ടിവന്നേക്കും. അതറിയാത്തവരല്ല സിനിമയുടെ അണിയറക്കാർ. മനഃപൂർവ്വം വേണ്ടെന്നുവച്ചതുതന്നെയാണ്. അവിടെയാണ് കാണിയുടെ നിരാശ സംഭവിക്കുന്നത്.

പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാൽ യാഥാർത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല. അതാരു ചെയ്താലും. അതുകൊണ്ട് 2018 സിനിമ രാഷ്ട്രീയമായും സർഗ്ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു. മറിച്ചാകുമായിരുന്നു ഈ സിനിമ. എങ്കിലത് കലയുടെ സത്യസാക്ഷാത്കാരവുമാകുമായിരുന്നു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News