'പാക് ജനതയുടെ ഇന്ത്യയോടുള്ള ഐക്യപ്പെടല്‍ ഹൃദയം തൊടുന്നത്'; പാക്കിസ്ഥാന് നന്ദി പറഞ്ഞ് സ്വര ഭാസ്കര്‍

Update: 2022-08-30 06:48 GMT
Editor : ijas

ഇന്ത്യന്‍ മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്‍റെയും നിരന്തര പരിഹാസത്തിനും അപമാനത്തിനും ഇരയായിട്ടും കോവിഡ് വിനാശകരമായ ഈ സമയത്ത് പാക് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിക്കുന്നതായി ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍. അയല്‍രാജ്യത്തിന്‍റെ വലിയ ഹൃദയത്തിന് നന്ദി അറിയിക്കുന്നതായും സ്വര ഭാസ്ക്കര്‍ പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് താരം പാക്കിസ്ഥാനിലെ ജനങ്ങളോടും സമൂഹ മാധ്യമങ്ങളിലെ ഐക്യപ്പെടലിനോടും നന്ദി അറിയിച്ചത്. 

'നമ്മുടെ മാധ്യമങ്ങളും മുഖ്യധാരാ പൊതു വ്യവഹാരവും പാകിസ്ഥാനികളെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ വിനാശകരമായ സമയത്ത് പാകിസ്ഥാൻ സിവിൽ സമൂഹവും സോഷ്യൽ മീഡിയയും ഇന്ത്യയോട് ഐക്യദാർഢൃവും ദയയും പുലർത്തുന്നത് കാണുമ്പോൾ ഹൃദയം നിറയുന്നു. നന്ദി നിങ്ങളുടെ വലിയ ഹൃദയത്തിന് അയല്‍ക്കാരാ'; സ്വര ഭാസ്ക്കര്‍ കുറിച്ചു.

Advertising
Advertising

അതെ സമയം സ്വര ഭാസ്ക്കറുടെ ട്വിറ്റര്‍ പോസ്റ്റിന് താഴെ വ്യാപക വിദ്വേഷ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ബി.ജെ.പി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ളവര്‍ താരത്തോട് പാക്കിസ്ഥാനിലേക്ക് പോകാനും രാജ്യദ്രോഹിയാണെന്നുമുള്ള തരത്തിലാണ് പ്രചാരണം നടത്തുന്നത്. 



കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്. ഇന്ത്യക്ക് പാക്കിസ്ഥാന്‍റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇമ്രാൻ ഖാൻ കോവിഡ് രോഗബാധയിൽ വലയുന്നവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി. ഈ ആഗോള പ്രതിസന്ധിക്കെതിരെ മനുഷ്യത്വം കൊണ്ട് ഒറ്റക്കെട്ടായി പൊരുതാമെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. കൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് അനേകം പാക് പൗരന്മാർ ട്വീറ്റ് ചെയ്തിരുന്നു.  #indianeedsoxigen എന്ന ഹാഷ്ടാഗ് ആയിരുന്നു പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നത്. 

ഇന്ത്യക്ക് സഹായം വാ​ഗ്ദാനം ചെയ്ത് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്റ്റും രംഗത്തെത്തിയിരുന്നു. 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്നാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ട്രസ്റ്റ് മേധാവി ഫൈസൽ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഷുഐബ് അക്തര്‍ എന്നിവരും ഇന്ത്യക്ക് സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള അഫ്രീദി ഫൗണ്ടേഷന്‍ ഇന്ത്യക്ക് വേണ്ട സഹായം നല്‍കുമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്താന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍ രംഗത്തുവന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്‍റെ അഭ്യര്‍ഥന.


Tags:    

Editor - ijas

contributor

Similar News