തീയറ്റർ പൂരപ്പറമ്പാക്കാൻ വീണ്ടും വല്ല്യേട്ടൻ; ആക്ഷൻ രംഗങ്ങളുമായി ടീസർ പുറത്ത്

നവംബർ 29നാണ് ചിത്രത്തിന്റെ റീ-റിലീസ്

Update: 2024-11-15 17:11 GMT
Editor : ശരത് പി | By : Web Desk

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. 2000 സെപ്റ്റംബർ പത്തിന് റിലീസായ ചിത്രം 24 വർഷങ്ങൾക്ക് ശേഷം റീ-റിലീസാവുന്ന വാർത്ത വളരെ ആവേശത്തോടെയാണ് സിനിമാ ആസ്വാദകർ ഏറ്റെടുത്തത്.

ഇപ്പോഴിതാ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശഭരിതമായ ആക്ഷൻ രംഗങ്ങളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളും ഉൾപ്പെടുത്തി റീ-റിലീസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്റർ ചെയ്ത് ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് 'വല്ല്യേട്ടൻ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

Advertising
Advertising

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ് വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമ്മനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്‌മോസ് മിക്‌സിംഗ് ചെയ്തത് എം.ആർ രാജകൃഷ്ണനാണ്. ധനുഷ് നായനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. സെൽവിൻ വർഗീസാണ് (സപ്ത വിഷൻ) കളറിസ്റ്റ്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.

നവംബർ 29 നാണ് 4K ഡോൾബി അറ്റ്‌മോസ് ദൃശ്യമികവോടെ വല്ല്യേട്ടൻ തിയേറ്ററുകളിലെത്തുക.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News