''ഉണ്ണി ചെന്ന് ചാടിയ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്''; ഉണ്ണി മുകുന്ദന്റെ ആരോപണങ്ങളെല്ലാം തള്ളി മുന്‍ മാനേജര്‍

കൂടെ നില്‍ക്കണമെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചത് ഉണ്ണി മുകുന്ദനാണെന്ന് വിപിന്‍ കുമാര്‍ പറഞ്ഞു

Update: 2025-05-31 14:30 GMT

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ അദ്ദേഹത്തിന്റെ മാനേജര്‍ അല്ലെന്ന വാദം തെറ്റാണെന്നും ഉണ്ണി മുകുന്ദന്‍ അഭ്യര്‍ഥിച്ചിട്ടാണ് സന്തതസഹചാരിയായി കൂടെ നിന്നതെന്നും വിപിന്‍ പറയുന്നു. ഉണ്ണി മുകുന്ദന് അഞ്ചു വര്‍ഷം ഡേറ്റില്ലെന്ന് മാനേജര്‍ അല്ലാത്ത ഒരാള്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും വിപിന്‍ ചോദിച്ചു. താരത്തിന്റെ പേരും പറഞ്ഞ് ആരോടും താന്‍ വിവാഭ്യര്‍ഥന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം താരത്തിനെതിരെ താന്‍ കേസ് കൊടുത്തതിന് ശേഷം ആരോപിക്കുന്നവയാണെന്നും വിപിന്‍ വ്യക്തമാക്കി. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertising
Advertising

''ആദ്യം അദ്ദേഹം ഞാന്‍ മാനേജര്‍ അല്ലെന്ന് പറഞ്ഞു. അഞ്ചു വര്‍ഷം അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്ന് ഞാന്‍ പറഞ്ഞതായും ആരോപിക്കുന്നുണ്ട്. ഞാന്‍ മാനേജര്‍ അല്ലെങ്കില്‍ ഉണ്ണിക്ക് അഞ്ചുവര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഞാന്‍ മാനേജര്‍ അല്ലെങ്കില്‍ അതെല്ലാം ഉണ്ണിയിലേക്ക് അല്ലെ നേരിട്ട് വരിക. ഉണ്ണിക്ക് ഡേറ്റ് ഇല്ലെന്ന് പറഞ്ഞതുകൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഉണ്ണിയിലേക്ക് എത്താന്‍ ഞാന്‍ മാത്രമാണോ വഴി. അഞ്ചുവര്‍ഷം അദ്ദേഹത്തിന് ഡേറ്റില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഉണ്ണിക്ക് സിനിമ കിട്ടില്ലേ... അതെല്ലാം ആളുകള്‍ വിശ്വസിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം അടിസ്ഥാന രഹിതമാണ്,'' വിപിന്‍ കുമാര്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന് വേണ്ടി വിവാഹ അഭ്യാര്‍ഥന നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം താരത്തിന്റെ അറിവോടെയാണെന്നും വിപിന്‍. ''ഉണ്ണിയുടെ സമ്മതമില്ലാതെ ഞാന്‍ ആരോടും വിവാഹഭ്യര്‍ഥന നടത്തിയിട്ടില്ല. അദ്ദേഹത്തിന് താത്പര്യമില്ലെങ്കില്‍ കല്യാണം കഴിക്കില്ല. അങ്ങനെ പറയുന്നതിലൂടെ എനിക്ക് എന്ത് നേട്ടമാണ് ഉണ്ടാവുക. ഞാന്‍ അങ്ങനെ പറഞ്ഞുവെന്ന് അത്രക്ക് ഉറപ്പുണ്ടെങ്കില്‍ അത്, ഉണ്ണി പറഞ്ഞിട്ടാണ് ചോദിച്ചത്. അതെല്ലാം അദ്ദേഹത്തിന്റെ അറിവോടെയാണ് ചോദിച്ചിട്ടുള്ളത്. പക്ഷെ അതിലൂടെ എനിക്ക് എന്ത് നേട്ടമാണ് ഉള്ളത്. വിവാഹമാണ്, അദ്ദേഹത്തിന് വേണമെങ്കില്‍ കഴിക്കാം.

കഴിഞ്ഞ ആറുവര്‍ഷമായുള്ള ഉണ്ണി മുകുന്ദന്റെ കരിയര്‍ ഗ്രാഫ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം ചെന്ന് ചാടിയ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. അവയെല്ലാം സോഷ്യല്‍ മീഡിയയിലും ഗൂഗിളിലും എല്ലാം ലഭ്യമാണ്. അദ്ദേഹത്തിന്റെ ഫീമെയില്‍ ആക്ടിവിറ്റീസിന്റെ ഹിസ്റ്ററിയെല്ലാം അവിടെ ലഭ്യമാണ്. അത്തരത്തിലുള്ള പല മോശം പെരുമാറ്റങ്ങളും ഉണ്ണി നടത്തിയിട്ടുണ്ട്. ഫിലിം ഫ്രറ്റേണിറ്റിക്ക് ഉള്ളിലുള്ളവരെയും മാധ്യമ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ട്. അത്തരം വിഷയങ്ങളിലേക്ക് ഒന്നും ഞാന്‍ കടക്കുന്നില്ല. അതെല്ലാം പല സ്ഥലങ്ങളിലുമുണ്ട്. ഉണ്ണി മുകുന്ദന്‍ മോശം പെരുമാറ്റം നടത്തിയതായുള്ള ഹിസ്റ്ററി നിലവില്‍ ഉണ്ട്. ഈ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ കൂടെ നിന്ന് സഹായിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളു,'' വിപിന്‍ പറഞ്ഞു.

വിപിന്‍ കുമാര്‍ തന്റെ മാനേജര്‍ അല്ലെന്ന ഉണ്ണി മുകുന്ദന്റെ പരാമര്‍ശത്തിനും വിപിന്‍ മറുപടി പറഞ്ഞു. ഉണ്ണി മുകുന്ദന്‍ ശമ്പളത്തിന് നിര്‍ത്തിയിട്ടുള്ള ആളല്ല താനെന്നും 2018ല്‍ മിഹേയേല്‍ ഇറങ്ങിയ സമയത്താണ് ആദ്യമായി ഉണ്ണി മുകുന്ദന്‍ ഫോണില്‍ സഹായം അഭ്യര്‍ഥിച്ചതെന്നും വിപിന്‍ വ്യക്തമാക്കി. ''മാമാങ്കം സിനിമയുടെ പ്രൊമോഷനില്‍ ദുബായില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. സിനിമയില്‍ ഇത്ര വര്‍ഷമായിട്ടും കരിയര്‍ വളര്‍ച്ചയില്ലെന്ന് പറഞ്ഞ് തന്നെ സഹായിക്കണെന്ന് അദ്ദേഹം ഇങ്ങോട്ട് അഭ്യാര്‍ത്ഥിക്കുകയായിരുന്നു. എന്നെയും സഹായിക്കാമോ കൂടെ നില്‍ക്കാമോ എന്നെല്ലാമാണ് എന്നോട് അഭ്യര്‍ഥിച്ചത്. അദ്ദേഹത്തിന് വേണ്ടിയാണ് ദുബായില്‍ നിന്ന് ഞാന്‍ നാട്ടിലേക്ക് വന്നത്. ഞാന്‍ വന്നതിന് ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് പ്രൊഡക്ഷന്‍ ഹൗസ് സ്റ്റാര്‍ട്ട് ചെയ്തത്. അന്നുമുതല്‍ പിന്നീടങ്ങോട്ടേക്ക് സന്തതസഹചാരിയായി ഞാന്‍ കൂടെ ഉണ്ടായിരുന്നു,'' ഉണ്ണി മുകുന്ദന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വിപിന്‍ പറഞ്ഞു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News