Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെയും ടൊവിനോയേയും പരസ്പരം തെറ്റിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. സംഭവത്തിന് ശേഷം ടൊവിനോ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും പിന്തുണ അറിയിച്ചെന്നും വിപിന്‍ പറഞ്ഞു. ടൊവിനോയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതിലൂടെ ഉണ്ണി മുകുന്ദന്‍ എന്താണ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതെന്നും തനിക്ക് മനസിലാകുന്നില്ലെന്ന് വിപിന്‍ കുമാര്‍ പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
''ഞാന്‍ ഒരു നടന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. ആ ആക്ടറെ അടിക്കാന്‍ കിട്ടാത്തത് കൊണ്ട് എന്നെ അടിച്ചു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മറ്റൊരു നടനോടുള്ള ദേഷ്യമാണ് എന്നോട് തീര്‍ത്തത് എന്നും പറഞ്ഞിട്ടില്ല. എല്ലാവരുമായും സൗഹൃദമുള്ള ആളാണ് ഞാന്‍. ആരുടെയും പേരെടുത്ത് പറയേണ്ട ആവശ്യം എനിക്കില്ല. വെറുതെ ആളുകളെ പരസ്പരം തെറ്റിച്ചിട്ട് എനിക്ക് ഒന്നും കിട്ടാനില്ല.
ടൊവിനോയേയും ഉണ്ണിമുകുന്ദനെയും പരസ്പരം തെറ്റിപ്പിച്ചിട്ട് എനിക്ക് എന്ത് നേട്ടമുണ്ടാകാനാണ്, ഒന്നുമില്ല. കൂടാതെ ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണ് ഞാന്‍ എന്നും എവിടെയും പറഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം എന്നെ ടൊവിനോ വിളിച്ചിട്ടുണ്ട്. അദ്ദേഹം വിദേശത്താണ് ഉള്ളത്. അവിടെ നിന്നും എന്നെ വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. വളരെ പിന്തുണയോടെ സംസാരിച്ചു. അദ്ദേഹം എല്ലാവരോടും സൗഹൃദം വെച്ചു പുലര്‍ത്തുന്ന വ്യക്തിയാണ്,'' വിപിന്‍ പറഞ്ഞു.
ടൊവിനോ തോമസിനും ഉണ്ണി മുകുന്ദനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ തനിക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന് വിപിന്‍ അഭിമുഖത്തില്‍ പറഞ്ഞു. വാസ്തവ വിരുദ്ധമായ കാര്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു. '' ഉണ്ണിയുടെ സ്‌റോറി, അവരുടെ പഴയ ചാറ്റ് ആയിരിക്കാം. കുറേ സ്റ്റിക്കറുകള്‍ അങ്ങോട്ടുമിങ്ങോട്ടും അയച്ചതാണ് ഉണ്ണി സ്‌റ്റോറി ഇട്ടത്. അതെല്ലാം നമ്മള്‍ എല്ലാവരും ചെയ്യുന്നതാണ്. അത് സ്‌റ്റോറി ഇട്ടതിലൂടെ ഉണ്ണി എന്താണ് സമര്‍ഥിക്കാന്‍ ശ്രമിച്ചതെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാന്‍ അവരെ തമ്മില്‍ തെറ്റിക്കാന്‍ നോക്കി എന്നത് വാസ്തവ വിരുദ്ധമാണ്. അതിലൂടെ എനിക്ക് ഒന്നും നേടാനില്ല,'' വിപിന്‍ കുമാര്‍ പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസമാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തത്. ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വിപിന്റെ പരാതി.