എടീ, നീ എന്നൊക്കെ വിളിക്കാനും എന്‍റെ കാറ് തല്ലിപ്പൊളിക്കാനും ആരാണ് അവർക്ക് അനുവാദം നൽകിയത്; ഗായത്രി സുരേഷ്

'മധു എന്ന ആള് ഭക്ഷണം മോഷ്‍ടിച്ചെന്ന് ആരോപിച്ച് ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്'

Update: 2021-10-19 06:54 GMT
Editor : Nisri MK | By : Web Desk
Advertising

വാഹനം ഇടിച്ചിട്ടു നിർത്താതെ പോയതിനു നടി ഗായത്രി സുരേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍ ഗായത്രി സുരേഷ്.

ഗായത്രി സുരേഷിന്‍റെ വാക്കുകള്‍:

'ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെൻഷൻ കൊണ്ട് വാഹനം നിർത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആൾ കൂടിയാൽ എന്താകും എന്ന് പേടിച്ച് നിർത്തിയില്ല. 

എന്നാല്‍ നമ്മുടെ കാറിന്‍റെ പിന്നാലെ അവര്‍ ചേസ് ചെയ്തു വന്നു. ഒരു പയ്യൻ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വട്ടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി. 

ഇത്രയും വലിയ പ്രശ്‍നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. ഇവിടെ വലിയ പ്രശ്‍നമായി. ഇരുപത് മിനുട്ടോളം ഞാൻ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. പൊലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പൊലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ എന്നു പറഞ്ഞ് എന്നെ സേഫാക്കിയത് പൊലീസാണ്.

ഞാൻ നിര്‍ത്താതെ പോയതാണ് പ്രശ്‍നം എന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ പെർഫക്ട് ആയുള്ള സ്‍ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്‍ത്രീയാണ്. ടെൻഷന്‍റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നു. അപകടത്തിൽ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകർത്തത് ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാൻ പൊലീസിനോടു പറയാത്തത് എന്തിനാണ് ഇങ്ങനെയൊരു പ്രശ്‍നം എന്ന് വിചാരിച്ചാണ്.

ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ എങ്ങനെയെങ്കിലും ഇത് സോള്‍വ് ചെയ്യാനല്ലേ ശ്രമിക്കുക. മനസാക്ഷിയില്ലാതെ ഇങ്ങനെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. ഒരു പ്രശ്‌നത്തില്‍ പെട്ടാല്‍ ഇങ്ങനെയാണോ. എന്‍റെ ഇമേജ് പോലും പോയില്ലേ. ഞാൻ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്‍റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്‍ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.

കേരളത്തിൽ മൂന്നു കോടി ജനങ്ങളാണ്. അതില്‍ ഒരുലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ. ബാക്കി ആളുകൾ എനിക്കൊപ്പമുണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്‍റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട.  ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്‍റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തിൽ അഞ്ച് സിനിമകൾ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകൾ റിലീസ് ആകാനുണ്ട്.'

Full View


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News