മമ്മൂട്ടിക്ക് വേണമെങ്കില്‍ വിശ്രമിക്കാം, ദുല്‍ഖര്‍ എന്ന മകന്‍ ഉണ്ടായതില്‍ അഭിമാനിക്കാം: ടി. പത്മനാഭന്‍

സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്

Update: 2021-09-27 02:47 GMT

നടന്‍ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാമെന്നും ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാമെന്നും പത്മനാഭന്‍ മാധ്യമം ആഴ്ചപതിപ്പിനോട് പറഞ്ഞു.

സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ പ്രതിഭയുടെ തിളക്കം കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടു. മമ്മൂട്ടി ഇനിയും അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. മമ്മൂട്ടിയുടെ അതിനുള്ള കഴിവൊന്നും അല്‍പം പോലും ക്ഷയിച്ചിട്ടില്ല. എന്നാല്‍ ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാം. കാരണം അദ്ദേഹത്തിന്‍റെ മകന്‍ ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് മെച്ചപ്പെട്ട് അഭിനയ കലയുടെ ഉത്തുംഗപീഠം കയറി കൊണ്ടേയിരിക്കുകയാണ്.

Advertising
Advertising

വിക്രമാദിത്യനും ജോമോന്‍റെ സുവിശേഷങ്ങളുമാണ് ഈയടുത്ത കാലത്ത് കണ്ട സിനിമകള്‍. ആ സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയത് മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം എന്നാണ്. മമ്മൂട്ടിയുടെ മകന്‍ സ്വന്തം പ്രതിഭ കൊണ്ടാണ് ഉയരങ്ങളിലേക്ക് കയറിപ്പോകുന്നത്. ഒരു പിതാവിന്‍റെ സംതൃപ്തിയോടെ അദ്ദേഹത്തിന് അതു കാണാമെന്നും പത്മനാഭന്‍ പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാനൊരു പെണ്ണായിരുന്നുവെങ്കിൽ അദ്ദേഹത്തിന്‍റെ സമ്മതമൊന്നും ചോദിക്കാതെ ഞാൻ അദ്ദേഹത്തെ കയറിപ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല. മറിച്ച്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് അതി മഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ടുകണ്ട് അങ്ങേയറ്റം സ്‌നേഹിച്ചിട്ടാണ്. എത്രയോ കൊല്ലമായി കാണാൻ തുടങ്ങിയിട്ട്.

മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണെന്നാണ് എന്‍റെ അറിവ്. അന്നുമുതൽ തന്നെ എന്‍റെ ഇഷ്ട നടനാണ് അദ്ദേഹം. രാപ്പകൽ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓർക്കാൻ കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്. ഈ സിനിമയുടെ കഥയും സംവിധാനവുമെല്ലാം കമലാണെങ്കിലും കമൽ സങ്കൽപ്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാൻ കാരണം മമ്മൂട്ടിയാണ്.

പിന്നെ മറ്റൊന്ന് ഓർമ്മ വരുന്നത് ജയരാജിന്‍റെ ലൗഡ്‌സ്പീക്കറാണ്. മികച്ച സിനിമയാണത് ഈ രണ്ടു സിനിമകളും എല്ലാവരും അവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിമഹത്തായ സന്ദേശം മനുഷ്യന് നൽകുന്ന സിനിമകളാണ് ഇവ. അങ്ങനെ എത്രയെത്രയോ സിനിമകളുണ്ട്.രാക്കുയിലിൻ രാഗസദസിൽ ഏറെ പ്രശസ്തമായ ഒരു സിനിമയാണ്. പിന്നെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. മമ്മൂട്ടിയുടെ കാമുകിയായിട്ട് സുഹാസിനി അഭിനയിച്ച സിനിമ. അന്ന് സുഹാസിനി ഒരു ഫ്രോക്കിട്ടു നടന്ന പെൺകുട്ടിയായിരുന്നു. അതിലാണ് നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷീ… എന്നു തുടങ്ങുന്ന പ്രശസ്തമായ പാട്ട്. അങ്ങനെ എണ്ണിയാൽ തീരാത്തത്ര സിനിമകൾ. അതിൽ പലതും എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകൾ തന്നെയാണ്...പത്മനാഭന്‍ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News