തിബോ കുര്‍ട്വായിസ് റയല്‍ മാഡ്രിഡില്‍
കഴിഞ്ഞ ലോകകപ്പില്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ താരമാണ് തിബോ കുര്‍ട്വാ.
ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കുര്‍ട്വായിസ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍. കുര്‍ട്വായെ കൈമാറാന്‍ ചെല്‍സി റയലുമായി കരാറിലെത്തി. ഏകദേശം 279 കോടി രൂപയും ക്രൊയേഷ്യയുടെ മധ്യനിര താരം കൊവാസിച്ചിനേയും നല്‍കിയാണ് റയല്‍ കുര്‍ട്ടോയിസിനെ തട്ടകത്തിലെത്തിച്ചത്. ഒരു വര്‍ഷത്തേക്ക് വായ്പാ അടിസ്ഥാനത്തിലാണ് കൊവാസിച്ച് ചെല്‍സിയില്‍ കളിക്കുക. കുര്‍ട്ടോയിസ് റയലില്‍ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് രണ്ടാം നമ്പര്‍ ഗോള്‍കീപ്പറാകും.
ലോകകപ്പിന് മുമ്പ് തന്നെ കുര്‍ട്ടോയിസ് ചെല്‍സി വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പരിശീലനം മുടക്കി വരെ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു കുര്‍ട്ടോയിസ്. തുടര്‍ന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ കെപ്പ അറിസാബെലാഗയെ റെക്കോഡ് തുകയ്ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചു, 633 കോടി രൂപ ചെല്‍സി നല്‍കിയതോടെ അറിസാബെലാഗ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പറായി മാറി.
2011ല്‍ കുര്‍ട്ടോയിസ് ചെല്‍സിയിലെത്തിയെങ്കിലും ആദ്യ മൂന്ന് സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായിരുന്നു കളിച്ചത്. പിന്നീട് ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി. ചെല്‍സിക്കായി 126 മത്സരങ്ങളും അത്‌ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ താരമാണ് തിബോ കുര്‍ടോയിസ്.