ബ്ലാസ്‌റ്റേഴ്‌സ് സമനില വീണ്ടെടുത്ത സി.കെ വിനീതിന്റെ ഗോള്‍ കാണാം
അവസാന മിനുറ്റുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി അവതരിക്കുന്ന പതിവ് സി.കെ വിനീത് തെറ്റിക്കാതിരുന്നതോടെയാണ് ടീമിന് സമനില ലഭിച്ചത്. 86ആം മിനുറ്റിലായിരുന്നു വിനീതിന്റെ നിര്‍ണ്ണായക ഗോള്‍
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജംഷഡ്പൂര്‍ എഫ്‌സിയോട് സമനില പിടിച്ചു വാങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്തത്. നിലയുറപ്പിക്കും മുമ്പേ മൂന്നാം മിനുറ്റില്‍ ആദ്യ ഗോളും 31ാം മിനുറ്റില്‍ രണ്ടാം ഗോളും നേടിയപ്പോള്‍ നാട്ടില്‍ ജംഷഡ്പൂര്‍ എഫ്.സി ജയമുറപ്പിച്ചതാണ്. രണ്ടാം പകുതിയില്‍ പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ ബലത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.
രണ്ടാംപകുതിയില്‍ ലഭിച്ച പെനല്‍റ്റി സ്റ്റോയനോവിച്ച് പാഴാക്കിയെങ്കിലും 71ആം മിനുറ്റില്‍ കിടിലന്‍ വോളിയിലൂടെ വല കിലുക്കി സ്‌റ്റോയനോവിച്ച് പ്രായ്ശ്ചിത്തം ചെയ്തു. പകരക്കാരനായിറങ്ങിയ ഡുംഗലിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. മത്സരം തീരാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കെയായിരുന്നു സികെ വിനീതിന്റെ ഗോള്‍. ഒന്നാന്തരമൊരു മുന്നേറ്റത്തിനൊടുവില്‍ ഡുംഗലിന്റെ പാസ് ബോക്‌സില്‍ സി.കെ വിനീതിന്റെ കാലിലേക്ക്. കിട്ടിയ അവസരം മുതലാക്കി വിനീതിന്റെ കിടിലന്‍ ഫിനിഷിംങ്.
ഈ ഗോളോടെ സി.കെ വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. ഇതുവരെ 11 ഗോളുകളാണ് വിനീത് ബ്ലാസ്‌റ്റേഴ്‌സിനായി നേടിയിട്ടുള്ളത്. പത്ത് ഗോള്‍ നേടിയിട്ടുള്ള ഹ്യൂമിന്റെ റെക്കോഡാണ് മലയാളി താരം മറികടന്നത്.
നാലു കളികളില്‍നിന്നും മൂന്നാം സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആറു പോയിന്റുമായി ഐ.എസ്.എല്ലില്‍ ഏഴാം സ്ഥാനത്താണ്. അഞ്ചു കളികളില്‍ നിന്നും നാല് സമനിലയുമായി ജംഷഡ്പൂര്‍ ഏഴ് പോയിന്റോടെ നാലാമതാണ്. നാല് കളികളില്‍ നിന്ന് പത്ത് പോയിന്റോടെ എഫ്.സി ഗോവയാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.