മെസി കോപ്പയില്‍ കളിക്കുമോ?
അടുത്തവര്‍ഷം നടക്കുന്ന കോപ അമേരിക്ക ടൂര്‍ണ്ണമെന്റിലായിരിക്കും മെസിയുടെ തിരിച്ചുവരവെന്നാണ് കരുതപ്പെടുന്നത്.
റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടില്ല. ഈ രീതിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ എന്തായാലും മെസി ഉദ്ദേശിക്കുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്യുന്നത്. അടുത്തവര്‍ഷം നടക്കുന്ന കോപ അമേരിക്ക ടൂര്‍ണ്ണമെന്റിലായിരിക്കും മെസിയുടെ തിരിച്ചുവരവെന്നാണ് കരുതപ്പെടുന്നത്.
ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്നാണ് മെസി ദേശീയ കുപ്പായം അഴിച്ചുവെച്ചത്. 31കാരനായ സൂപ്പര്‍താരം ദേശീയടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് അര്‍ജന്റീനയുടെ പുതിയ പരിശീലകന്‍ ലയണള്‍ സ്‌കലോണിക്കുള്ളത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് അര്‍ജന്റീന പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മെസിയുടെ മികവിലായിരുന്നു അര്‍ജന്റീന നോക്കൗട്ടിലെത്തിയത്.
അര്‍ജന്റീനക്ക് വേണ്ടി വീണ്ടും കളിക്കാനിറങ്ങുന്നതിനെക്കുറിച്ച് എന്തെങ്കിലും സൂചന മെസി ഇപ്പോഴും നല്‍കിയിട്ടില്ല. എന്നാല്‍ പരിശീലകന്‍ സ്‌കലോണി ശുഭാപ്തി വിശ്വാസത്തിലാണ്. മെസിയുമായി നിരന്തരം സംസാരിക്കാറില്ലെങ്കിലും ബന്ധമുണ്ടെന്ന് പറഞ്ഞ സ്‌കലോണി മെസി കോപ അമേരിക്കക്കായുള്ള അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
മെസിയുടെ ഭാഗത്തു നിന്നും പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും പുതിയ പരിശീലകന്‍ ശുഭാപ്തിവിശ്വാസത്തിലാണ്. കഴിഞ്ഞ മാസം അര്‍ജന്റീനയിലെ മെസിയുടെ സഹതാരം മൗറോ ഇക്കാര്‍ഡിയും മെസി ദേശീയ ടീമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മെക്‌സിക്കോക്കെതിരായ സൗഹൃദമത്സരത്തിന് ശേഷമാണ് ലോകത്തെ മികച്ച താരമായ മെസി അര്‍ജന്റീനക്കുവേണ്ടി കോപ്പയില്‍ കളിക്കുമെന്ന് ഇക്കാര്‍ഡി പറഞ്ഞത്.