ഏഷ്യ കപ്പില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറിലെത്തുമോ?
ബഹ്‌റെയ്‌നെതിരെ സമനില നേടിയാലും ഇന്ത്യക്ക് സാധ്യതയുണ്ട്. ഇനി തോറ്റാല്‍ പോലും ഇന്ത്യയുടെ സാധ്യത അവസാനിക്കുന്നില്ല...
ഏഷ്യ കപ്പില്‍ സ്വപ്‌ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തായ്‌ലണ്ടിനെ 4-1നായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ രണ്ടാം മത്സരം ആതിഥേയരായ യു.എ.ഇയോട് തോറ്റതോടെ(2-1) ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ജയത്തോടെ ആധികാരികമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും തിങ്കളാഴ്ച്ച ബഹ്‌റെയ്‌നെതിരെ ഇന്ത്യ കളിക്കാനിറങ്ങുക.
ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും സമനിലയുമായി നാല് പോയിന്റുള്ള യു.എ.ഇക്ക് തന്നെയാണ് മുന്‍തൂക്കം. ഇന്ത്യക്കും തായ്‌ലണ്ടിനും മൂന്ന് പോയിന്റ് വീതമുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യ നാല് ഗോള്‍ അടിക്കുകയും മൂന്ന് ഗോള്‍ വഴങ്ങുകയും ചെയ്തപ്പോള്‍ തായ്‌ലണ്ട് രണ്ട് ഗോള്‍ അടിക്കുകയും നാല് ഗോള്‍ വഴങ്ങുകയും ചെയ്തു. ബഹ്‌റെയ്‌നെതിരായ മത്സരം ജയിച്ചാല്‍ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറിലെത്താം.
ബഹ്‌റെയ്‌നെതിരെ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് സാധ്യതയുണ്ട്. മത്സരം സമനിലയായാല്‍ ഇന്ത്യക്ക് 4 പോയന്റ് ആവും. ഈ സാഹചര്യത്തില്‍ തായ്‌ലന്‍ഡ് യു.എ.ഇ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള സാധ്യത. തായ്‌ലന്‍ഡ്, യു.എ.ഇയെ തോല്‍പ്പിച്ചാല്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവും. ഇന്ത്യക്കും യു.എ.ഇക്കും നാലു പോയന്റ് വീതമാവും. അങ്ങനെ വന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ യു.എ.ഇ മുന്നേറും. അപ്പോഴും ആദ്യ റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസരമുണ്ടെന്നതാകും ഇന്ത്യയുടെ പിടിവള്ളി.
ഇനി ഇന്ത്യ തോറ്റാല്‍ പോലും സാധ്യത അവസാനിക്കുന്നില്ല. തായ്‌ലന്‍ഡ് യു.എ.ഇയോട് തോല്‍ക്കുകയും ചെയ്താല്‍ വീണ്ടും മികച്ച മൂന്നാം സ്ഥാനക്കാരുടെ സാധ്യത ഇന്ത്യക്കുണ്ട്. അതേസമയം ഫിഫ റാങ്കിംങില്‍ 113ആം സ്ഥാനത്തുള്ള ബഹ്‌റെയ്‌നെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാകും ടീം ഇന്ത്യ ഇറങ്ങുക.