അനസ് എടത്തൊടിക ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു
അനസിന്റെ 11 കൊല്ലത്തെ രാജ്യാന്തര കരിയറാണ് ഇതോടെ അവസാനിക്കുന്നത്
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇത്തരമൊരു തീരുമാനെമെടുക്കാൻ വളരെ പ്രയാസമാണെന്നും ഇനിയും ഒരുപാട് വർഷം കളിക്കാൻ എനിക്ക് ഇഷ്ടമേയുള്ളൂ. പക്ഷേ ഇതാണ് വിടവാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമെന്നും അനസ് ട്വിറ്ററിലൂടെ പറഞ്ഞു.
അനസിന്റെ 11 കൊല്ലത്തെ രാജ്യാന്തര കരിയറാണ് ഇതോടെ അവസാനിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് രാജ്യത്തിനായി കളിക്കാനായതെന്നും അനസ് പറഞ്ഞു.
കൊണ്ടോട്ടി എടത്തൊടിക പുതിയേടത്തു വീട്ടിൽ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനായ അനസ് ഇ.എം.ഇ.എ സ്കൂൾ, കോളജ്, മഞ്ചേരി എൻ.എസ്.എസ് കോളജ് തുടങ്ങിയ ടീമുകളിലൂടെയാണ് വളർന്നത്. മുബൈ എഫ്.സി, പൂണെ എഫ്.സി എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്.
ഐ.എസ്.എല്ലിൽ ഏറ്റവും വിലയുള്ള താരങ്ങളിലൊരാളായിരുന്നു അനസ്. ഡൽഹി ഡൈനാമോസിനും കേരളാ ബ്ലാസ്റ്റേഴ്സിനും വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിനും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരം കൂടിയാണ് അനസ്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരവും ഈ താരത്തെ തേടിയെത്തിയിട്ടുണ്ട്.