സെവന്‍സ് ഗ്രൗണ്ടില്‍ നിന്നും ദേശീയ ടീം വരെ നീളുന്ന യാത്ര; അനസ് ജീവിതം പറയുന്നു

‘ഞാനടക്കം മലപ്പുറത്തെ ഒരുപാട് താരങ്ങൾ കളിച്ച് തുടങ്ങുന്നത് സെവൻസിലൂടെയാണ്. അവിടെ നിന്നാണ് നമ്മൾ കളിയുടെ കാഠിന്യമറിയുന്നത്'

Update: 2019-01-31 18:32 GMT

കളിക്കളത്തിനപ്പുറം അനസ് നാണം കുണുങ്ങിയാണെന്നാണ് അറിയപ്പെടുന്നത്. എന്നാൽ അനസ് എന്ന അനസ് എടത്തൊടിക ജീവിതത്തിൽ ഒട്ടും അങ്ങനെയല്ല. വിജയത്തിലേക്ക് നടന്നടുത്തത് പ്രയാസം നിറഞ്ഞ വഴികളിലൂടെയായിരുന്നു. വിശ്വാസദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കിയ താരമാണ് അദ്ദേഹം.

31കാരനായ അനസ് ഈ അടുത്ത് ഇന്ത്യൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ മതിലാണ് അനസ്. മുംബൈ എഫ്.സിക്കും പൂണെ എഫ്.സിക്കും ശേഷം കേരള ബ്ലാസ്റ്റേഴ്സിലൂടെ തന്റെ കളി മികവുകളെ മെച്ചപ്പെടുത്താൻ സാധിക്കും എന്ന് തന്നെയാണ് അനസ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

‘ഐ.എസ്.എൽ തുടങ്ങുന്നതിന് മുമ്പും കേരളത്തിന് ഒരുപാട് താരങ്ങളുണ്ടായിരുന്നു. എന്നാൽ ഐ.എസ്.എൽ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. ഒരുപാട് താരങ്ങൾക്ക് അവസരം കിട്ടിയിരുന്നില്ല. അവരെ ദിശനിര്‍ണയിച്ച് നയിക്കാൻ ആരുമുണ്ടായിരുന്നില്ല’
‘ഗോളി’നോട് അനസ് മനം തുറക്കുന്നു:

‘ഐ.എസ്.എല്ലിന് ശേഷം കേരളത്തിൽ ഫുട്ബോൾ കാണികൾ വർധിച്ചിട്ടുണ്ട്. അമ്മമാർ സീരിയലിന് പകരം ഫുട്ബോൾ കാണാൻ തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾ അവരുടെ മക്കളെ ഫുട്ബോൾ അക്കാദമികമായി പഠിക്കാൻ, കളിക്കാൻ അനുവദിച്ച് തുടങ്ങിയിരിക്കുന്നു.’

കേരളത്തിൽ ഫുട്ബോളിനെയും മലയാളി കളിക്കാരെയും കൂടുതൽ ജനകീയമാക്കാനും സഹായിക്കാനും അനസിന് ആഗ്രഹമുണ്ട്. പൂണെ സിറ്റിയുടെ ആഷിഖ് കുരുനിയനും കേരളാ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദും കേരളത്തിലെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരങ്ങളാണ്. അനസ് അവരെ സഹായിക്കുന്നുമുണ്ട്. കാരണം അദ്ദേഹത്തിനറിയാം ഫുട്ബോൾ ബൂട്ട്കെട്ടുക എന്നത് എത്ര പ്രയാസം നിറഞ്ഞതാണെന്ന്.

‘ഇന്ത്യയിലെ 90-95 ശതമാനം കളിക്കാരുടെയും കുടുംബം പ്രയാസം നിറഞ്ഞതാണ്. എന്റെ സാഹചര്യങ്ങൾ എനിക്കറിയാമല്ലോ. അതിനാൽ പ്രയാസം നിറഞ്ഞ കളിക്കാരെ സീനിയർ കളിക്കാരൻ എന്ന നിലയിൽ എനിക്കാവുന്ന സഹായം ഞാൻ ചെയ്യും’ അദ്ദേഹം പറയുന്നു.

അനസിന്റെ കരിയറിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ പരിക്കുകളാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ കീഴടക്കിയത്. ഇന്ത്യയുടെ വന്മതിലിന് തന്റെ കരിയറിലെ ഒരുപാട് മത്സരങ്ങളില്‍ കുമ്മായവരക്കിപ്പുറം ഇരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇനിയുള്ള നാളുകൾ നല്ല പ്രകടനം കാഴ്ച്ചവെക്കാനാവും എന്ന് തന്നെയാണ് അനസ് പ്രതീക്ഷിക്കുന്നത്.

‘കരിയറിലെ പരിക്കുകൾക്കും കുടുംബത്തിന്റെ പ്രയാസങ്ങൾക്കുമിടയിലും നല്ല ക്ലബുകളിൽ കളിക്കാനുള്ള അവസരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. അവിടെയൊന്നും വലിയ പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. സ്വാഭാവികമായും കളിക്കാർക്ക് സംഭവിക്കുന്ന പോലെ പരിക്കുകൾ എന്നെയും അലട്ടിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളെല്ലാം മുഴുവൻ കഴിവുകളും രാജ്യത്തിന് വേണ്ടി നൽകുന്നവരാണ്. ശരീരം മറന്നുള്ള കഠിന പരിശ്രങ്ങളാണ് പരിക്കിലേക്ക് വഴിമാറുന്നത്. ചെറിയ പരിക്കുകൾക്ക് തുടക്കത്തിൽ തന്നെ വേണ്ട ചികിത്സ നൽകാത്തതും വലിയ പ്രശ്നമാണ്.

ഐ ലീഗിലെ ചില ക്ലബുകൾക്ക് നല്ല ഡ്രസ്സിംങ് റൂമും നല്ല ഫിസിയോയുമെല്ലാം ഉണ്ട്. ഐ.എസ്.എല്ലിന് ശേഷം സംവിധാനങ്ങളുടെ കാര്യത്തിലെല്ലാം ഇന്ത്യൻ ഫുട്ബോൾ ഒരുപാട് വികസിച്ചിട്ടിട്ടുണ്ട്. നിലവിൽ മെഡിക്കൽ ടീമെല്ലാം വളരെ മെച്ചപ്പെട്ടിട്ടുണ്ട്’ താരം പറഞ്ഞു.

അനസ് ജനശ്രദ്ധ നേടുന്നത് സെവൻസ് ഫുട്ബോളിലൂടെയാണ്. സീസണിന് മുമ്പ് സെവൻസ് കളിക്കുന്ന താരത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ വരുമ്പോൾ തന്നെയും, താൻ എന്തുകൊണ്ടാണ് സെവൻസില്‍ ഇപ്പോഴും ബൂട്ട്കെട്ടുന്നതെന്ന് താരം വിശദീകരിക്കുന്നു:

‘ഞാനടക്കം മലപ്പുറത്തെ ഒരുപാട് താരങ്ങൾ കളിച്ച് തുടങ്ങുന്നത് സെവൻസിലൂടെയാണ്. അവിടെ നിന്നാണ് നമ്മൾ കളിയുടെ കാഠിന്യമറിയുന്നത്. ഞാനും ആഷിഖ് കുരുനിയനും എല്ലാം 15-16ാം വയസ്സിൽ തന്നെ സെവൻസ് ഫുട്ബോളിലൂടെ ശക്തരായ വിദേശ കളിക്കാരുമായി എതിരിട്ടിട്ടുണ്ട്.’

‘ഞാനും പലരേയും പോലെ ജില്ലാ, സംസ്ഥാന ടീമിലൊന്നും അധികം കളിക്കാത്തതാണ്. എനിക്ക് തഴക്കം കിട്ടിയത് സെവൻസിൽ‌ നിന്ന് തന്നെയാണ്. ഫുട്ബോൾ എന്താണെന്ന് എന്നെ പഠിപ്പിച്ചതും എനിക്ക് അവസരങ്ങൾ കിട്ടിയതും ഇതിലൂടെയാണ്. സെവൻസിലൂടെ വളർന്നവരാണ് നിങ്ങളെങ്കിൽ ഒരിക്കലും അതിനെ ഒഴിവാക്കാനാവില്ല.’

‘ജനങ്ങൾക്ക് അവരുടേതായ കാഴ്ച്ചപ്പാടുകളുണ്ടാവും. അവർ ചിലപ്പോൾ പറയുന്നത്, ഞങ്ങളുടെ നേട്ടത്തിനാണ് സെവൻസിൽ കളിക്കുന്നതെന്നാണ്. എന്നാൽ ജീവിതത്തിന്റെ പ്രയാസങ്ങളിൽ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചവരുണ്ട്. അവരുടെ ടീമിന് വേണ്ടി കളിക്കാൻ അഭ്യർത്ഥിച്ചാൽ ‍ഞങ്ങൾ തീർച്ചയായും കളിക്കും.’

‘ഞങ്ങൾ ഇത്തരം ടൂർണമെന്റുകളുടെ ലക്ഷ്യവും നോക്കാറുണ്ട്. പല ടൂർണമെന്റുകളും പ്രയാസം അനുഭവിക്കുന്നവർക്ക് പണം സ്വരൂപിക്കാന്‍ കൂടിയുള്ളതാണ്. അതില്‍ ഒന്നോ രണ്ടോ പ്രൊഫഷണൽ കളിക്കാർ ഉണ്ടെങ്കിൽ നല്ല ആളുകൾ കയറും. അത്തരത്തിൽ ഒരുപാട് ടൂർണമെന്റുകൾ കേരളത്തിൽ നടക്കുന്നുണ്ട്.’

‘എന്റെ ഇക്കാക്ക കാൻസർ പിടിപെട്ട് റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലാകുമ്പോൾ അവർ സെവൻസ് കളി പ്രഖ്യാപിച്ചു. ഞാനും കളിച്ചിരുന്നു. ഏകദേശം 7000 രൂപ സ്വരൂപിക്കാനായി. അത് എന്റെ ഇക്കാക്ക ചികിത്സക്ക് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനെയെല്ലാം എന്നെ സഹായിച്ചവരെ ഞാന്‍ തിരിച്ച് സഹായിച്ചില്ലെങ്കിൽ ഞാൻ ആർക്കും യാതൊരു ഉപകാരവുമില്ലാത്തവനാകും.’

‘എന്റെ കുടുംബത്തെ അവർ സഹായിച്ചതൊന്നും ഒട്ടുമിക്ക വിമർശകർക്കും അറിയില്ല. അവർ നോക്കുമ്പോൾ അനസ്, അഷിഖ്, സക്കീർ എല്ലാം സെവൻസും കളിക്കുന്നുണ്ട്. ഞങ്ങൾ പണത്തിന് പിന്നാലെ ഓടുന്നവരല്ല’ താരം പറയുന്നു.‌

2018-19 സീസൺ കേരളാ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ പദ്ധതികളൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത സീസണായിരുന്നു. അനസിനും വ്യത്യസ്തമല്ല കാര്യം. ‘ഈ സീസണിലെ എന്റെ പ്രകടനത്തിൽ ഞാൻ തൃപ്തനല്ല. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ജിങ്കാനോടൊപ്പം കളിക്കാൻ സാധിക്കുമെന്നും ഞാൻ കൊതിച്ചിരുന്നു. എന്നാൽ വിലക്ക് കാരണം തുടക്കത്തില്‍ കളിക്കാൻ സാധിച്ചില്ല. പിന്നീട് ലാകിക്-പെസിക്-ജിങ്കാനും ചേർന്ന പ്രതിരോധം ശക്തമായിരുന്നു. കോച്ചിന് ടീമിനെ മാറ്റുക എന്നത് പ്രയാസമാണ്. പുതിയ ഒരു ക്ലബിൽ ആദ്യത്തെ മൂന്ന് മത്സരങ്ങൾ വളരെ പ്രധാനമാണ്’ താരം പറഞ്ഞു.

‘എനിക്ക് രണ്ട് ക്ലബിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും എനിക്ക് ക്ലബ് വിടാൻ ആഗ്രഹമില്ലായിരുന്നു. എന്റെ ക്ലബുമായുള്ള കരാർ എല്ലാം ടീം മാനേജ്മെന്റിന്റെ കയ്യിലാണ്. ക്ലബിന്റെ തീരുമാനം എന്ത് തന്നെ ആയാലും ഞാൻ അംഗീകരിക്കും, എന്നാലും എനിക്ക് ഇവിടെ തുടരാ‍ൻ തന്നെയാണ് താൽപര്യം’. കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന അഭ്യൂഹങ്ങൾ പരന്നുകൊണ്ടിരിക്കുമ്പോഴും താരം അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നുള്ളതാണ് വാസ്തവം.

Tags:    

Similar News