സീസണിലെ വരുമാനം വീടില്ലാത്തവര്‍ക്ക് നല്‍കി കോംപനി
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ഹാമുമായി സഹകരിച്ചാണ് കോംപനി Tackle4MCRക്ക് രൂപം നല്‍കിയത്.
കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെ പ്രതിരൂപമാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സന്റ് കോംപനി. സീസണില്‍ ക്ലബില്‍ നിന്നുള്ള വരുമാനം മാഞ്ചസ്റ്റര്‍ നഗരത്തിലെ ഭവനരഹിതര്‍ക്കായുള്ള പദ്ധതിക്ക് നല്‍കാനാണ് കോംപനിയുടെ തീരുമാനം. 'Tackle4MCR' എന്ന പദ്ധതിക്കാണ് ബെല്‍ജിയത്തിന്റെ പ്രതിരോധക്കാരനായ കോംപനി തന്റെ വരുമാനം നല്‍കുന്നത്.
2008 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് വിന്‍സന്റ് കോംപനി. ക്ലബില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിക്കുന്ന വലിയ പിന്തുണക്കുള്ള സ്‌നേഹപ്രകടനമെന്ന നിലയ്ക്കാണ് കോംപനി മാഞ്ചസ്റ്റര്‍ നഗരത്തിലെ ഭവനരഹിതരെ സഹായിക്കാന്‍ ഒരുങ്ങുന്നത്. വിപുലമായ പദ്ധതികളാണ് Tackle4MCRനായി കോംപനിയും കൂട്ടരും നടത്തുന്നത്. എല്ലാവരേയും സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കോംപനി പറഞ്ഞത്.
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ഹാമുമായി സഹകരിച്ചാണ് കോംപനി Tackle4MCRക്ക് രൂപം നല്‍കിയത്. സംഭാവന നല്‍കി വെറുതേയിരിക്കുകയല്ല കോംപനി ചെയ്തത്. പദ്ധതി വിജയിക്കുന്നതിനാവശ്യമായ ഫണ്ട് ശേഖരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു. ഫുട്‌ബോളിലേയും പുറത്തുമുള്ള പ്രമുഖരെ അത്താഴത്തിന് ക്ഷണിച്ച് ഇതേ പദ്ധതിക്കുവേണ്ടി കോംപനി 2,16,000 പൗണ്ട് സമാഹരിച്ചിരുന്നു.
ഗാരി ലിനേക്കര്‍ സ്വന്തം ജേഴ്‌സി ഈ ചടങ്ങിനിടെ വാങ്ങിയത് 13000 പൗണ്ട് നല്‍കിയാണ്. ഇതേജേഴ്‌സി ലിനേക്കര്‍ കോംപനിക്ക് തിരികെ നല്‍കുകയും ചെയ്തു.