പ്രീമിയര്‍ ലീഗിലെ മികച്ച മാനേജറായി സോല്‍ഷേര്‍
2012 ഒക്ടോബറിൽ ഫെർഗൂസന് ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് മാനേജര്‍ ഈ പുരസ്കാരം നേടുന്നത്
പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ(ജനുവരി) മികച്ച മാനേജറായി യുണൈറ്റഡിന്റെ സോല്‍ഷേറെ തെരഞ്ഞെടുത്തു. ഫെർഗൂസന് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഹോസെ മൗറീഞ്ഞോയുടെ പകരക്കാരനായാണ് സോല്‍ഷേര്‍ യുണൈറ്റഡിലെത്തുന്നത്. മോശം പ്രകടനത്തിന്‍റെ പേരില്‍ ഡിസംബറിലാണ് മൗറീഞ്ഞോയെ ഒഴിവാക്കിയത്. അതിന് ശേഷം സ്ഥാനമേറ്റെടുത്ത സോൽഷേർ പത്ത് മത്സരങ്ങളിൽ ഒമ്പതും ജയിച്ചു. പ്രീമിയര്‍ ലീഗിലെ 12 പോയിന്റിൽ 10ഉം നേടിയെടുക്കാൻ സോൽഷേയറിന്റെ പിള്ളേര്‍ക്കായി.
ക്ലോപ്പിനേയും ഗാർഡിയോളയേയും എല്ലാം പിൻതള്ളിയാണ് സോല്‍ഷേര്‍ ജനുവരിയിലെ മികച്ച മാനേജറായി തെരഞ്ഞെടുക്കപ്പെട്ടത്. 2012 ഒക്ടോബറിൽ ഫെർഗൂസന് ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് മാനേജര്‍ ഈ പുരസ്കാരം നേടുന്നത്. യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച മാനേജര്‍മാരിലൊരാളായാണ് ഫെര്‍ഗൂസണ്‍ അറിയപ്പെടുന്നത്. 2012-13 സീസണിലെ പ്രീമിയര്‍ലീഗ് കിരീടവും യുണൈറ്റഡിനായിരുന്നു.
ഈ മാസത്തെ മികച്ച ടീം, യുണൈറ്റഡെന്നാണ് പുരസ്‌കാരത്തിലൂടെ വ്യക്തമാകുന്നത്, കളിക്കാര്‍ക്കും സ്റ്റാഫിനുമെല്ലാം അവകാശപ്പെട്ടതാണ് ഈ നേട്ടങ്ങളെന്നും സോൽഷേയർ പറഞ്ഞു.
മികച്ച താരങ്ങളില്ലാതെ നിങ്ങൾക്ക് മികച്ച മാനേജറാവാനാവില്ല. നല്ല കളിക്കാരില്ലാതെ വിജയിക്കുകയുമില്ല, നമ്മൾ പറയുന്നതിനോട് കളിക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവർ അസാമാന്യ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്, എല്ലാ അംഗീകാരങ്ങളും അവർക്കുള്ളതാണെന്നും സോൽഷേയർ പറയുന്നു.