യുണെെറ്റഡ് കുതിപ്പിന് അന്ത്യം കുറിച്ച് പി.എസ്.ജി
നെയ്മര്‍, കവാനി എന്നീ പ്രമുഖര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി അതിന്റെ കുറവൊന്നും കളത്തില്‍ കാണിച്ചില്ല
ചാംപ്യന്‍സ് ലീഗ് പ്രീക്വര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനും പോര്‍ട്ടോക്കും തോല്‍വി. പി.എസ്.ജി മാഞ്ചസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും റോമ പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് നടത്തുന്ന ഒലെ ഗുണ്ണര്‍ സോള്‍ഷ്യറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗില്‍ അത് തുടരാനായില്ല. തോമസ് ടചലിന്റെ പി.എസ്.ജിക്ക് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിയറവ് പറയേണ്ടി വന്നു. 53 ആം മിനുറ്റില്‍ പ്രസ്നെല്‍ കിംപെംബെയും 60 ആം മിനുട്ടില്‍ കെയ്ലിയന്‍ എംപാപെയുമാണ് പി.എസ്.ജിക്ക് വേണ്ടി വലകുലുക്കിയത്.
നെയ്മര്‍, കവാനി എന്നീ പ്രമുഖര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി അതിന്റെ കുറവൊന്നും കളത്തില്‍ കാണിച്ചില്ല. ആദ്യ പകുതിയല്‍ തന്നെ മാര്‍ഷ്യലും ലിംഗാര്‍ഡും പരുക്കേറ്റ് പിനമാറിയതും മാഞ്ചസ്റ്ററിന് തിരിച്ചടിയായി. കളിയുടെ അവസാനം എതിര്‍ താരത്തെ ഫൌള്‍ ചെയ്തതിന് പോഗ്ബെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുകയും ചെയ്തു. രാണ്ടാം പാദത്തില്‍ പാരീസില്‍ ജയിക്കാനായാല്‍ മാത്രമേ മാഞ്ചസ്റ്റിന് ക്വാര്‍ട്ടര്‍ കാണാന് സാധിക്കൂ.
മറ്റൊരു മത്സരത്തില്‍ ഇരുപതുകാരന്‍ നിക്കോളോ സാനിയോളയുടെ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോമ പോര്‍ട്ടോയെ തോല്‍പ്പിച്ചു. 70, 76 മിനുറ്റുകളിലായിരുന്നു സാനിയോള ഗോള്‍ നേടിയത്. അഡ്രിയാനാണ് പോര്‍ട്ടോക്ക് വേണ്ടി ആശ്വാസഗോള്‍ കണ്ടെത്തിയത്.