ബ്രസീല്‍ ഗോള്‍ മഴയില്‍ തരിപ്പണമായി പെറു
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.
പെറുവിനെ ഗോള്‍ മഴയില്‍ മുക്കി ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ജയത്തോടെ കനേറികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.
വെനസ്വെലക്കെതിരായ സമനിലയുടെ നിരാശ ഗോളടിച്ച് തീര്‍ത്തു ബ്രസീല്‍. കൊറിന്ത്യന്‍സ് അരീനയില്‍ പെറു നിസഹായരായി. ആക്രമണം എന്നത് മാത്രമായിരുന്നു കനേറികളുടെ മന്ത്രം. തുടക്കം മുതല്‍ തുടര്‍ മുന്നേറ്റങ്ങള്‍. പന്ത്രണ്ടാം മിനിട്ടില്‍ തന്നെ ആതിഥേയര്‍ കസെമിറോയിലൂടെ മുന്നിലെത്തി.
പിന്നാലെ പെറു ഗോള്‍കീപ്പറുടെ വലിയ പിഴവ് മുതലെടുത്തത് ഫിര്‍മീഞ്ഞോയും വല കുലുക്കി. ആദ്യ പകുതിയില്‍ തന്നെ മൂന്നാം ഗോള്‍. ബോക്സിന് പുറത്ത് നിന്ന് എവര്‍ട്ടന്‍ തൊടുത്ത അളന്ന് മുറിച്ച ഷോട്ട്. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി. ആദ്യം ക്യാപ്റ്റന്‍ ഡാനി ആല്‍വ്സും, പിന്നാലെ വില്യനും.