സൌദിയില്‍ മിഡ് ടേം അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും
സൗദിയില്‍ ഒന്‍പത് ദിവസത്തെ മിഡ് ടേം അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും.
സൗദിയില്‍ ഒന്‍പത് ദിവസത്തെ മിഡ് ടേം അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പ്രാഥമിക തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള 56 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ കലാലയങ്ങളിലെത്തും 2015-16 അദ്ധ്യായന വര്‍ഷത്തിലെ രണ്ടാം ടേം പഠനമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജനുവരി 17ന് രണ്ടാം ടേം ആരംഭിച്ചാല്‍ ഈ അദ്ധ്യായന വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ 18 ആഴ്ച ക്ലാസ് നടക്കും. ജൂണ്‍ പത്തിനാണ് അദ്ധ്യായന വര്‍ഷം അവസാനിച്ച് മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ അടക്കുക. മാര്‍ച്ച് പത്ത് മുതല്‍ 20 വരെയുള്ള ഒമ്പത് ദിവസത്തെ അവധി ഒഴിച്ചു നിര്‍ത്തിയാല്‍ ജൂണ്‍ ആദ്യ വാരം വരെ ഇനി വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ്. 2017 വരെ റമദാനും മധ്യവേനലും ഒന്നിച്ച് ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സൗദിയില്‍ സ്കൂള്‍ കലണ്ടര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ഞായറാഴ്ച മുതല്‍ പ്രഭാതത്തില്‍ നിരത്തുകളില്‍ അസാധാരണ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ ഗതാഗത നിരീക്ഷണത്തിനും നിയന്ത്രണത്തിനും ട്രാഫിക് വിഭാഗം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ നടപ്പാക്കി വരുന്ന റിയാദ് മെട്രോ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രധാന നിരത്തുകളില്‍ വരുത്തിയ ഗതാഗത പരിഷ്കരണം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വന്‍ പ്രയാസം സൃഷ്ടിച്ചേക്കും.