1 ജിഗാവാട്ട് വരെ പ്രവർത്തന ശേഷിയുള്ള ഡാറ്റാ സെന്ററുകൾ; ഹുമെയ്നൊപ്പം സംയുക്ത സംരംഭം പ്രഖ്യാപിച്ച് എസ്ടിസി
ധാരണാപത്രത്തിൽ കമ്പനികൾ ഒപ്പുവച്ചു
റിയാദ്: സൗദിയിൽ 1 ജിഗാവാട്ട് വരെ പ്രവർത്തന ശേഷിയുള്ള നൂതന ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും നടത്താനുമായി സൗദി എഐ കമ്പനിയായ ഹുമെയ്നൊപ്പം സംയുക്ത സംരംഭം പ്രഖ്യാപിച്ച് ടെലികോം ഭീമന്മാരായ എസ്ടിസി. സംരംഭം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ കമ്പനികൾ ഒപ്പുവച്ചു. 51% ഓഹരി ഹുമെയ്‌നും 49% ഓഹരി എസ്ടിസി കൈവശം വയ്ക്കും.
സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള കമ്പനിയാണ് ഹുമെയ്ൻ. രാജ്യത്തെ ഡാറ്റാ സെന്റർ പദ്ധതികൾക്കായി ഇലോൺ മസ്‌കിന്റെ എക്‌സ് എഐ, ബ്ലാക്ക്സ്റ്റോൺ പിന്തുണയുള്ള എയർ ട്രങ്ക് എന്നിവയുമായുള്ള കരാറുകൾ ഉൾപ്പെടെ നിരവധി കരാറുകളിൽ കമ്പനി ഒപ്പുവച്ചിട്ടുണ്ട്. 2034 ആകുമ്പോഴേക്കും ഏകദേശം 6 ജിഗാവാട്ട് ശേഷിയാണ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ 250 മെഗാവാട്ട് വരെ ശേഷി കൈവരിക്കാനാണ് സംയുക്ത സംരംഭത്തിന്റെ നീക്കം.
കമ്പ്യൂട്ടിങ് പവറിനായുള്ള വൻ ഡിമാൻഡ് മുതലെടുക്കാനായി സൗദി എ്െഎ വികസനം ത്വരിതപ്പെടുത്താൻ ശ്രമിച്ചുവരികയാണ്. എണ്ണ വരുമാനത്തിന് പുറമേയുള്ള വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.