സൌദിയില്‍ പട്ടിണിയിലായ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം
സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ 800 ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആശ്വാസം.
സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ 800 ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആശ്വാസം. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. സൗദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ സുഷമ സ്വരാജിനയച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് തങ്ങള്‍ ഭക്ഷണം ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഭക്ഷണവും താമസവും ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് ദിവസമായി പട്ടിണിയിലായിരുന്ന ഇവര്‍ക്ക് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കുകയും ചെയ്തു. വിദേശകാര്യ സഹമന്ത്രി എത്രയും വേഗം ജിദ്ദയിലെത്തുമെന്നും തൊഴിലാളികളുടെ പ്രശ്നപരിഹാരത്തില്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഭക്ഷണം ലഭിക്കാതെ സൌദി അറേബ്യയില്‍ കഴിയുന്നുണ്ടെന്നും ഇവരെ സഹായിക്കാന്‍ ഇന്ത്യക്കാര്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൌദിയില്‍ ജോലി ചെയ്യുന്നത്. തൊഴിലില്ലാത്ത ഇന്ത്യക്കാര്‍ക്ക് സൌജന്യ റേഷന്‍ വിതരണം ചെയ്യാന്‍ സുഷമ സ്വരാജ് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. വേതനം ലഭിക്കാത്തതിനാലും സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതിനാലും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൌദിയിലും കുവൈത്തിലും തൊഴില്‍രഹിതരായി കഴിയുന്നത്.