സൌദി നേതൃത്വം നല്‍കിയ സംയുക്ത സൈനിക പരിശീലനത്തിന് സമാപനം
സൌദി അറേബ്യയുടെ നേതൃത്വത്തില്‍ 20 രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.
സൌദി അറേബ്യയുടെ നേതൃത്വത്തില്‍ 20 രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത സൈനിക പരിശീലനം സമാപിച്ചു. അറബ്-ഇസ്ലാമിക സഖ്യസേനയുടെ കരുത്ത് പ്രകടിപ്പിച്ച സൈനിക പരേഡും വ്യോമ പ്രകടനവുമായിരുന്നു സമാപന ചടങ്ങിന്‍റെ മുഖ്യ ആകര്‍ഷകം. ഇരുപത്തി അഞ്ചിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ മേഖലയിലെ ഏറ്റവും വലിയ സൈനിക പരിശീലനത്തിന്‍റെ സമാപനത്തിനെത്തിയിരുന്നു.
റഅദ് അശ്ശിമാല്‍ അഥവാ വടക്കിന്‍റെ ഇടിമുഴക്കം എന്ന പേരില്‍ നടത്തിയ പ്രഥമ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത പരിശീലനത്തിനും അഭ്യാസങ്ങള്‍ക്കും വിജയകരമായ പരിസമാപ്തി. സൌദിയുടെ വടക്ക് കിഴക്കന്‍ നഗരമായ ഹഫറുല്‍ ബാത്തിനിലെ കിംങ് ഖാലിദ് സിറ്റിലിയായിരുന്നു ഫെബ്രുവരി പതിനാല് മുതല്‍ പരിശീലനം നടന്നത്. രണ്ടര മണിക്കൂര്‍ നീണ്ട പ്രടനത്തോടെയാണ് റഅദ് അശ്ശിമാലിന് സമാപനമായത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് സേനയുടെ ഗാര്‍ഡ് ഓണര്‍ സ്വീകരിച്ചു. യുഎഇ, ഈജിപത്, ഒമാന്‍, തുര്‍ക്കി, ജോര്‍ഡാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സൈനികരോടൊപ്പം സൌദിയുടെ വിവിധ സൈനിക വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു.
തൊട്ടുപിന്നാലെ സൈനിക വാഹനങ്ങളുടെ പ്രദര്‍ശനമായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ടാങ്കറുള്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ അത്യാധുനിക സൈനിക വാഹനങ്ങള്‍ പരേഡിന്‍റെ ഭാഗമായി. വ്യോമസേനയുടെ പ്രകടനമായിരുന്നു ഏറ്റവും അവസാനം. അപ്പാച്ചെ ഹെലികോപ്ടറും എഫ് പതിനാറ് ജെറ്റുകളും ഉള്‍പ്പെടെയുള്ളവ ഒരു മണിക്കൂറിലേറെ ആകാശത്ത് കാഴ്ചയൊരുക്കി.
ജോര്‍ഡാന്‍ രാജാവ്, ഖത്തര്‍ അമീര്‍, ബഹറൈന്‍ രാജാവ്‍, സുഡാന്‍ പ്രസിഡന്‍റ്, അബൂദബി കിരീടവകാശി, പാകിസ്താന്‍ പ്രധാനമന്ത്രി, യമന്‍ പ്രസിന്റ് തുടങ്ങിയ ലോക നേതാക്കള്‍ പ്രകടനം വീക്ഷിക്കാനെത്തിയിരുന്നു. നാല് വര്‍ഷത്തിലൊരിക്കല്‍ സംയുക്ത പരിശീലനം നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് വടക്കിന്‍റെ ഇടിമുഴക്കം സമാപിച്ചത്.