സൌദി ഇന്തോനേഷ്യയില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യും
ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍
ഇന്തോനേഷ്യയില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാരികള്‍, സേവകര്‍ തുടങ്ങിയ ജോലിക്കാരുടെ റിക്രൂട്ടിങ് കരാറിന് അനുമതി നല്‍കിയത്.
നാല് വര്‍ഷം മുമ്പ് റിയാദില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. സൗദി ശൂറ കൗണ്‍സില്‍ ഈ കരാറിന് മുമ്പ് അംഗീകാരം നല്‍കിയിരുന്നു. ജനുവരി 12ന് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗത്തിന്റെ കരാറിന്റെ അടിസ്ഥാനത്തിലാണ് സൗദിയും ഇന്തോനേഷ്യയും തമ്മിലുള്ള റിക്രൂട്ടിങ് ധാരണക്ക് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു.
ഇന്തോനേഷ്യയില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നത് വര്‍ഷങ്ങളോളം മുടങ്ങിയ പശ്ചാത്തലത്തില്‍ പുതിയ കരാറിന് അംഗീകാരം ലഭിക്കുന്നതോടെ റിക്രൂട്ടിങ് മേഖല വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി വീടുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് റമദാന് മുമ്പായി പ്രവര്‍ത്തനമാരംഭിക്കുമെന്നും ഈ രംഗത്തെ പ്രതിസന്ധി അവസാനിക്കുമെന്നുമാണ് വിദഗ്ധരുടെ പ്രതീക്ഷ.