പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോടിയേരി

Update: 2017-04-28 16:01 GMT
Editor : Jaisy
പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോടിയേരി
Advertising

ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി

Full View

ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി പുനരവധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും നടപടികള്‍ തുടങ്ങുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ഗള്‍ഫിലെ പ്രതികൂല സാഹചര്യം മുന്‍നിര്‍ത്തി സമഗ്ര പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കാന്‍ വൈകരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ്, ക്ഷേമ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. തിരക്കേറിയ സീസണില്‍ വിമാനക്കൂലി വര്‍ധിക്കുന്നതാണ് പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിന് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ എംബസിയോടും കോണ്‍സുലേറ്റിനോടും ആവശ്യപ്പെടും.

പ്രവാസികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി കെ.എസ്.എഫ്.ഇയുടെ നേതൃത്വത്തില്‍ എന്‍.ആര്‍.ഐ ചിട്ടി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസികളുടെ സമ്പാദ്യത്തില്‍ അധികവും ദേശസാല്‍കൃത ബാങ്കുകളിലാണ്. ഇത് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ സഹകരണ മേഖലയില്‍ ബാങ്ക് സ്ഥാപിച്ച് എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരത്തെയുള്ള സര്‍വീസുകള്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങള്‍ നടത്തും. വിമാനത്താവള വികസനത്തിന് സ്ഥലം ലഭ്യമാകണം. ആളുകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റടെുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News